പിൻവലിച്ച സിനിമകൾക്ക് നഷ്ടപരിഹാരം നൽകാതെ ഇനി സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫെഫ്ക

കൊച്ചി: പിവിആർ മലയാള സിനിമ തർക്കത്തിൽ നിലപാട് വ്യക്തമാക്കി ഫെഫ്ക. ആടുജീവിതം അടക്കം പിൻവലിച്ച സിനിമകൾക്ക് നഷ്ടപരിഹാരം നൽകാതെ ഭാവിയിൽ പിവിആറിൽ മലയാള സിനിമകൾ പ്രദർശനത്തിന് നൽകില്ലെന്ന നിലപാടിലാണ് ഫെഫ്ക. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്‌ക്രീനുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കുന്നതു നിർത്തിവച്ചെന്നാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയത്.. ഇതു പ്രതിഷേധാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘കാർട്ടൽ’ സ്വഭാവത്തിലാണ് പിവിആർ പെരുമാറുന്നതെന്നും മലയാളത്തിന്റെ അന്തസ്സിനെ ചേദ്യം ചെയ്യുകയാണെന്നും ഫെഫ്ക ഭാരവാഹികളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു. പിവിആറിനെതിരെയുള്ള പ്രതിഷേധം തെരുവിലേക്കു വ്യാപിപ്പിക്കുന്ന കാര്യവും ഫെഫ്കയുടെ പരിഗണനയിലുണ്ട്.

വിഷയത്തിൽ നിയമപരമായും ഇടപെടാനാണ് തീരുമാനം. പ്രശ്‌നം മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടുണ്ട്. പിവിആർ ഗ്രൂപ്പിന്റെ പ്രധാന തിയറ്ററുകൾ ലുലു മാളുകളിൽ ഉള്ളതിനാൽ എം എ യൂസഫലിയോടും സംസാരിച്ചിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ വിശദമാക്കി.

കൊച്ചി മരടിലെ ഫോറം മാളിൽ കഴിഞ്ഞ ദിവസം പിവിആറിൻറെ 9 സ്‌ക്രീനുകൾ അടങ്ങിയ മൾട്ടിപ്ലെക്സ് തുറന്നതോടെയാണ് തർക്കം രൂക്ഷമായത്. തിയറ്ററുകളിലെ ഡിജിറ്റൽ പ്രൊജക്ഷനായി യുഎഫ്ഒ, ക്യൂബ് അടക്കമുളള ഏജൻസികളെയാണ് രാജ്യമെങ്ങും ആശ്രയിക്കുന്നത്. എന്നാൽ ഇതിനുളള ചെലവ് ഏറിയതോടെയാണ് മലയാള സിനിമാ നിർമാതാക്കൾ സ്വന്തം സംവിധാനം തുടങ്ങിയത്. ചെലവ് ഏറെ കുറയും എന്നതായിരുന്നു ആശ്വാസം. എന്നാൽ യുഎഫ്ഒ, ക്യൂബ് വഴിയാണ് ഫോറം മാളിലെ പ്രദർശനമെന്നും നിർമാതാക്കൾ തുടങ്ങിയ പിഡിസി എന്ന കോണ്ടൻറ് മാസ്റ്ററിങ് യൂണിറ്റ് പറ്റില്ലെന്നും പിവിആർ നിലപാടെടുത്തു. ഇതിന് നിർമ്മാതാക്കൾ വഴങ്ങാതെ വന്നതോടെയാണ് രാജ്യത്തെ മുഴുവൻ പിവിആർ സ്‌ക്രീനുകളിൽ നിന്നും മലയാള സിനിമകൾ പിൻവലിക്കാൻ തീരുമാനിച്ചത്.