ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ സ്ഥാപനങ്ങളിൽ കേന്ദ്രം അനാവശ്യമായി കൈകടത്തുകയാണെന്നും രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് ജനം ആശങ്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്റൽ ബോണ്ട് വലിയ അഴിമതിയാണെന്ന് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു. അത് കൊണ്ടുവന്നപ്പോൾ തന്നെ ശക്തമായി കമ്മ്യൂണിസ്റ്റ് പാർട്ടി എതിർത്തതാണ്. സിപിഐഎം സുപ്രിംകോടതിയെ സമീപിക്കാനും തയ്യാറായി. രാഷ്ട്രീയ പാർട്ടികൾക്ക് ബോണ്ട് വഴി പണം സ്വീകരിക്കാമെന്ന് വന്നപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് അതിനെ എതിർത്തത്. ഇപ്പോൾ കേസിൽ തീരുമാനമായി. കോടതി ഇടപെടലിലൂടെ ഇലക്ടറൽ ബോണ്ട് ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് തെളിഞ്ഞുകഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രാജ്യമാകെ അപലപിക്കുന്ന അവസ്ഥയുണ്ടായി. പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇടപെടൽ നടത്തുന്നുണ്ട്. കേന്ദ്രത്തിന്റെ ഇത്തരം നടപടികൾ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭരണഘടന ഉറപ്പുനൽകുന്നതാണ് ന്യൂനപക്ഷങ്ങളുടെ അവകാശം. എന്നാൽ പൗരത്വഭേദഗതി നിയമത്തിലൂടെ മുസ്ലിങ്ങളുടെ പൗരാവകാശം എടുത്തുകളയാനുള്ള നീക്കമാണ് നടക്കുന്നത്. അതിനുള്ള ഉപകരണങ്ങളാണ് പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും. മുസ്ലിം നാമധാരികൾക്ക് വോട്ടവകാശം നിഷേധിക്കണമെന്ന് പറയുന്നത് രാജ്യത്തെ സാംസ്‌കാരികമായി തകർക്കാനാണ്. അഭയാർഥികളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുകയാണ് ബിജെപി സർക്കാർ. ലോകത്തെവിടെയും ഇല്ലാത്ത രീതിയാണിത്. അഭിമാനമുള്ള കേരളം ഇത്തരം കാര്യങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ല. മൗലികാവകാശം ഹനിക്കുന്ന ഒരു നിയമവും ഇവിടെ നടപ്പാക്കാൻ അനുവദിക്കില്ല. പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ വന്നപ്പോൾത്തന്നെ കേരളം നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.