വീണ്ടും തിരിച്ചടി; നികുതി പുനർനിർണ്ണയത്തിൽ കോൺഗ്രസ് നൽകിയ ഹർജി തള്ളി കോടതി

ന്യൂഡൽഹി: കോൺഗ്രസിന് വീണ്ടും തിരിച്ചടി. ആദായ നികുതി വകുപ്പ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ നികുതി പുനർനിർണ്ണയം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. 2014 മുതൽ 17വരെയുള്ള സാമ്പത്തിക വർഷത്തെ നികുതി പുനർ നിർണ്ണയ നടപടിയിലാണ് കോൺഗ്രസ് ഹർജി നൽകിയത്.

ആദായ വകുപ്പിന്റെ നടപടി ശരി വച്ച കോടതി കോൺഗ്രസിന്റെ ഹർജി തള്ളുകയായിരുന്നു. 520 കോടിയിലധികം രൂപയുടെ നികുതി കോൺഗ്രസ് അടക്കാനുണ്ടെന്നാണ് കോടതിയെ ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നത്. ഹർജി തള്ളിയ സാഹചര്യത്തിൽ കോൺഗ്രസിന്റെ അക്കൗണ്ടുകൾ സമീപകാലത്തെങ്ങും പ്രവർത്തനക്ഷമമാകാൻ സാധ്യതയില്ലെന്നാണ് വിവരം.

അതേസമയം, കോൺഗ്രസ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലാത്ത സ്ഥിതിയിലാണ് പാർട്ടി നേതൃത്വം. ചെലവുകൾക്കായി സംസ്ഥാന ഘടകങ്ങൾക്ക് ഇതുവരെ എഐസിസി പണം നൽകിയിട്ടില്ല. ക്രൗഡ് ഫണ്ടിംഗിലൂടെയോ, സംഭാവനകൾ സ്വീകരിച്ചോ പണം കണ്ടെത്താനാണ് പിസിസികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.