ഈസ്റ്റര്‍ പ്രവൃത്തിദിനമാക്കിയ നടപടി പിന്‍വലിക്കണം; മണിപ്പൂര്‍ സര്‍ക്കാരിനോട് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഈസ്റ്റർ പ്രവൃത്തിദിനമാക്കിയ മണിപ്പൂർ സർക്കാരിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഈ നടപടി പിൻവലിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈസ്റ്റർ അവധി അവകാശമാണ്. അഭ്യർത്ഥനയിൽ മണിപ്പൂർ സർക്കാർ അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

യുപിഎ സർക്കാർ രാജ്യത്തെ പിന്നോട്ട് അടിച്ചുവെന്ന ആരോപണവും അദ്ദേഹം മുന്നോട്ടുവെച്ചു. അതിന് ശേഷം മോദി എന്ത് ചെയ്തു. കേരളത്തിൽ എൽഡിഎഫ് സർക്കാർ എന്ത് ചെയ്തു. തൊഴിൽ ഇല്ല, ശമ്പളം ഇല്ല. ദുർബലരായ സർക്കാർ ദുൽബലമായ സാമ്പത്തിക അവസ്ഥ പ്രദാനം ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

അതേസമയം, മണിപ്പൂരിൽ ഈസ്റ്റർ ദിനം പ്രവർത്തി ദിവസമാക്കിയ സർക്കാർ നടപടിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് വി ഡി സതീശൻ പറഞ്ഞു. സംഘപരിവാർ ന്യൂനപക്ഷത്തെ കാണുന്നത് എങ്ങനെയാണെന്നതിനുളള തെളിവാണ് നടപടി. ഇതൊക്കെ ചെയ്യുന്നവരാണ് ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തിൽ കേക്കുമായി ക്രൈസ്തവ ഭവനങ്ങൾ സന്ദർശിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.