തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി എൻഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തുന്നു; തോമസ് ഐസക്ക്

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി എൻഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തുന്നുവെന്ന് തോമസ് ഐസക് പറഞ്ഞു. തോമസ് ഐസക്കിന് കഴിഞ്ഞ ദിവസം വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നു. മസാലബോണ്ട് കേസിലാണ് നടപടി. ഈ സാഹചര്യത്തിലാണ് തോമസ് ഐസക്ക് ഇഡിക്കെതിരെ വിമർശനം ഉന്നയിച്ചത്.

ഇഡിയുടെ അന്ത്യശാസന നോട്ടിസ് കിട്ടിയെന്ന് തോമസ് ഐസക് പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം വിമർശിച്ചു. ഇഡിക്ക് ഭീഷണിയുടെ സ്വരമാണ്. കോടതിയിലിരിക്കുന്ന കേസാണ്. കോടതിയിൽ നിന്ന് തന്നെ സംരക്ഷണം തേടും. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി ഭീഷണിപ്പെടുത്തുന്നു. ചെന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോ. ഇതൊക്കെ വടക്കേയിന്ത്യയിൽ നടക്കും. ഇത് കേരളമാണെന്ന് ഇഡി ഓർക്കണമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച കോടതിയെ സമീപിക്കും.കോടതിയിൽ ഇരിക്കുന്ന കേസിൽ കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.