ചലച്ചിത്ര മേഖലയിലെ തൊഴിലാളികൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറന്‍സ്; പദ്ധതിയുമായി ഫെഫ്ക

കൊച്ചി: ചലച്ചിത്രമേഖലയിലെ തൊഴിലാളികൾക്കായി സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി ഫെഫ്ക. കൊച്ചിയിൽ വെച്ച് നടന്ന ചലച്ചിത്ര തൊഴിലാളി സംഗമത്തിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. ഫെഫ്ക അംഗങ്ങളായ മുഴുവൻ ചലച്ചിത്ര തൊഴിലാളികൾക്കും വർഷത്തിൽ മൂന്ന് ലക്ഷം രൂപവരെ ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണ് ഫെഫ്ക ആരോഗ്യ സുരക്ഷാ പദ്ധതി.

ചടങ്ങിൽ വെച്ച് നടൻ മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയനിൽ അംഗത്വം നൽകുകയും ചെയ്തു. ബറോസ് എന്ന സിനിമയിലൂടെ സംവിധായക രംഗത്തേക്ക് കടന്നിരിക്കുകയാണ് മോഹൻലാൽ. സിബി മലയിലാണ് മോഹൻലാലിന് ഫെഫ്ക സംവിധായക യൂണിയന്റെ അംഗത്വം കൈമാറിയത്. സ്വീകരണത്തിന് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഫെഫ്ക സംവിധായക കുടുംബത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

മലയാളസിനിമയിലെ താരങ്ങളും സംവിധായകരെയും അണിയറപ്രവർത്തകരെയും അനുബന്ധ തൊഴിലാളികളും ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു.

ആരോഗ്യ സുരക്ഷാ പദ്ധതി ഏപ്രിൽ 1 മുതലാണ് നിലവിൽ വരുന്നത്. ഫെഫ്കയിലെ ഇരുപതിലധികം യൂണിയനുകൾ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിക്ക് നിരവധി താര പ്രമുഖർ ആശംസകൾ നേർന്നു.