വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിലേക്ക്

കൊച്ചി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി പോകുന്നു. മകളെ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് പ്രേമകുമാരി. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തെ നേരിൽ കാണാൻ കൂടി വേണ്ടിയാണ് പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. ഈ കുടുംബം അനുവദിച്ചാൽ മാത്രമേ നിമിഷപ്രിയയ്ക്കു മോചനം സാധ്യമാകൂ.

കഴിഞ്ഞയാഴ്ചയാണ് മകളെ കാണാൻ പോകാനുള്ള വിസ പ്രേമകുമാരിക്ക് ലഭിച്ചത്. വിസ ലഭിച്ച സന്നദ്ധ പ്രവർത്തകനായ സാമുവൽ ജെറോമും പ്രേമകുമാരിയെ അനുഗമിക്കുന്നുണ്ട്. കിഴക്കമ്പലത്തിന് അടുത്തുള്ള ഒരു വീട്ടിൽ എട്ടുവർഷമായി ജോലി ചെയ്താണ് ഇവർ ജീവിക്കുന്നത്. വീസാ നടപടികൾ പൂർത്തിയായെന്നും ഇനി ടിക്കറ്റ് എടുക്കണമെന്നും പ്രേമകുമാരി പറഞ്ഞു.

ഏതു വഴിക്കാണ് അവിടേക്കു പോകേണ്ടത് എന്നതു സംബന്ധിച്ച് മുംബൈയിലെ ഒരു ട്രാവൽ ഏജൻസിയുമായി ചർച്ച നടന്നുവരികയാണ്. അതു തീരുമാനമായാൽ യാത്രാ തീയതി തീരുമാനിക്കും. ഇന്ത്യൻ എംബസിയും എല്ലാവരുമായി ചർച്ചകൾ നടക്കുന്നുണ്ട്. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ പോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രേമകുമാരിക്കു വേണ്ടി ഡൽഹി ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ അറിയിച്ചു.