ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരെ കൂടുതൽ നടപടി സ്വീകരിക്കാൻ ബിസിസിഐ

മുംബൈ: രഞ്ജി ട്രോഫിയിൽ നിന്ന് മുങ്ങിയ ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കുമെതിരെ ബിസിസിഐ കൂടുതൽ നടപടി സ്വീകരിക്കാൻ സാധ്യത. ബിസിസിഐയുടെ വാർഷിക കരാറിൽ നിന്നും ഇരുവരെയും ഒഴിവാക്കിയിരുന്നു. താരങ്ങൾക്കെതിരെ ഇനിയും കൂടുതൽ നടപടിയുണ്ടാകുമെന്നാണ് വിവരം.

ഇരുവുരെയും കൂടുതൽ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്താൽ പോലും താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെ വരുന്ന ടി20 ലോകകപ്പിൽ രണ്ട് പേർക്കും സ്ഥാനം നേടാൻ കഴിയില്ല.

രഞ്ജി ട്രോഫി കളിക്കാൻ ബിസിസിഐയുടെ വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും ഇരുവരും ചെവികൊണ്ടില്ല. തുടർന്നാണ് ബിസിസിഐ ഇരുവരെയും വാർഷിക കരാറിൽ നിന്നും ഒഴിവാക്കിയത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൻറെ മധ്യേ മുതൽ ഇന്ത്യൻ ടീമിൽ നിന്ന് ഇടവേളയെടുത്തിരിക്കുന്ന ഇഷാൻ കിഷനോട് ദേശീയ ടീമിലേക്ക് മടങ്ങിവരും മുമ്പ് രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കണം എന്ന് ബിസിസിഐ നിർദേശിച്ചിരുന്നു. എന്നാൽ ഇഷാൻ രഞ്ജിയിൽ ജാർഖണ്ഡിനായി കളിക്കാൻ തയ്യാറായില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ലഭ്യമാണ് എന്ന് കിഷൻ ഇന്ത്യൻ മാനേജ്‌മെന്റിനെ അറിയിച്ചുമില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്ക് ചൂണ്ടിക്കാട്ടിയ ശ്രേയസ് അയ്യർ മുംബൈക്കായി രഞ്ജിയിൽ അവസാന ലീഗ് മത്സരവും ക്വാർട്ടർഫൈനലും കളിക്കാനും മടിച്ചു.

അതേസമയം, ഇഷാനെ പരിഗണിച്ചില്ലെങ്കിൽ മലയാളി താരം സഞ്ജു സാംസണിന്റെ സാധ്യതകൾ വർധിക്കും. സഞ്ജുവിന് ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രം മതിയാകും.