ഭുവനേശ്വർ: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് അഭിമാന നേട്ടം. വെരി ഷോർട്ട് റെയ്ഞ്ച് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു. ഡിആർഡിഒയാണ് പരീക്ഷണം നടത്തിയത്. ഫെബ്രുവരി 28, 29 തീയതികളിലായിരുന്നു പരീക്ഷണം നടന്നത്. ഒഡിഷയിലെ ചന്ദിപൂർ ടെസ്റ്റ് റേഞ്ചിൽ വച്ചാണ് പരീക്ഷണം നടത്തിയത്.
എല്ലാ പരീക്ഷണ പറക്കലുകളിലും, മിസൈലുകൾ കൃത്യമായി ലക്ഷ്യത്തെ കണ്ടെത്തി നശിപ്പിച്ച് ദൗത്യം നിറവേറ്റിയെന്ന് ഡിആർഡിഒ വൃത്തങ്ങൾ അറിയിച്ചു. വ്യത്യസ്തമായ ഇന്റർസെപ്ഷൻ സാഹചര്യങ്ങളിൽ ഉയർന്ന വേഗതയിലുള്ള ആളില്ലാത്ത ആകാശ ലക്ഷ്യങ്ങൾക്കെതിരെയാണ് ഈ പരീക്ഷണങ്ങൾ. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച പുതിയ മിസൈൽ സംവിധാനം ഇന്ത്യൻ പ്രതിരോധ മേഖലയിൽ പുത്തൻ കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മിസൈൽ പരീക്ഷണം നടത്തിയവർക്ക് പ്രതിരോധ മന്ത്്രാലയം അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ഒരു ഡ്യുവൽ ത്രസ്റ്റ് സോളിഡ് മോട്ടോറിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം ചെറിയ റേഞ്ചുകളിൽ താഴ്ന്ന ഉയരത്തിലുള്ള ആകാശ ഭീഷണികളെ നിർവീര്യമാക്കാൻ സഹായിക്കും. ഈ മിസൈലിൽ നിരവധി നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മിനിയേച്ചർ റിയാക്ഷൻ കൺട്രോൾ സിസ്റ്റം, ഇന്റർഗ്രേറ്റഡ് ഏവിയോണിക്‌സ് തുടങ്ങിയവ ഉൾപ്പെടെ ഈ മിസൈലിലുണ്ട്. പുതിയ മിസൈൽ സായുധ സേനയ്ക്ക് സാങ്കേതിക ഉത്തേജനം നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

