കെ ബി ഗണേഷ്‌കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 20 പേര്‍; നിയമന ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. 20 പേരാണ് പേഴ്‌സണൽ സ്റ്റാഫിലുള്ളത്. പരമാവധി 25 പേരെ പേഴ്‌സണൽ സ്റ്റാഫായി നിയമിക്കാമെന്നാണ് എൽഡിഎഫിൽ ധാരണയായിരിക്കുന്നത്. മുൻഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സ്റ്റാഫിലുണ്ടായിരുന്നവരെ ഒഴിവാക്കിയാണ് പുതിയവർക്ക് നിയമനം നൽകിയത്.

തനിക്ക് അർഹതയുള്ള പേഴ്‌സണൽ സ്റ്റാഫിനെ മാത്രമേ എടുത്തിട്ടുള്ളൂവെന്ന് ഗണേഷ്‌കുമാർ അറിയിച്ചു. തന്റേത് ഒരു ചെറിയ പാർട്ടിയാണ്. മന്ത്രി അധികാരത്തിൽ വരുമ്പോൾ പാർട്ടിക്കാരെ അല്ലാതെ വേറെ ആരെയെങ്കിലും വെയ്ക്കുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

അർഹതപ്പെട്ട പേഴ്‌സണൽ സ്റ്റാഫ് എല്ലാവർക്കുമുണ്ട്. താൻ കുറച്ചുപേരെ മാത്രമേ എടുത്തുള്ളുവെങ്കിൽ അത് മറ്റ് മന്ത്രിമാരെ കളിയാക്കുന്നതുപോലെയാകും. പിന്നെ അധികം യാത്രകൾ പോകാതിരിക്കുകയും സർക്കാർ വസതിക്കു പകരം സ്വന്തം വസതി ഉപയോഗിക്കുകയും ചെയ്യുന്നു. സ്വന്തം വീടില്ലായിരുന്നുവെങ്കിൽ സർക്കാർ വസതിയിൽ താമസിച്ചേനെ. ഇത്രയൊക്കെയല്ലേ ചെയ്യാൻ കഴിയൂവെന്നും മന്ത്രി അറിയിച്ചു.