ഓണക്കാലത്ത് മദ്യ വില്പന വർധിപ്പിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകി ബിവറേജസ് കോർപ്പറേഷൻ

തിരുവനന്തപുരം : ഓണക്കാലത്ത് മദ്യ വില്പന വർധിപ്പിക്കുന്നതിന് നിർദ്ദേശങ്ങളുമായി ബിവറേജസ് കോർപ്പറേഷനെത്തി. ആവശ്യക്കാർക്ക് ബ്രാൻഡുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ബ്രാൻഡ് ആവശ്യപ്പെടാത്തവർക്ക് ജവാൻ തന്നെ നൽകണമെന്നുമാണ് എംഡി യുടെ നിർദ്ദേശം. നിർദ്ദേശം ലംഘിക്കുന്ന ജീവനക്കാർക്ക് ബോണസ് അടക്കം ആനുകൂല്യങ്ങൾ നൽകില്ലെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. സംസ്ഥാനത്ത് മദ്യ വില്പന കുറഞ്ഞെന്നും കൂടിയെന്നുമൊക്കെ തർക്കം നിലനിൽക്കുമ്പോഴാണ് ഉത്സവകാലത്തോടനുബന്ധിച്ചുള്ള മദ്യ വില്പന കൂട്ടാനായി ബെവ്‌കോ ലക്ഷ്യമിടുന്നത്.

മദ്യം വാങ്ങാൻ എത്തുന്നവർക്ക് യാതൊരു തരത്തിലുള്ള തടസ്സം ഉണ്ടാകരുതെന്നാണ് ബീവറേജ് ഔട്ട്ലെറ്റ് മാനേജർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. എല്ലാത്തരം ബ്രാൻഡുകളും വെയർഹൗസിൽ ലഭ്യമാക്കണമെന്നും അവയെല്ലാം ഉപഭോക്താക്കൾ കാണുന്ന തരത്തിൽക്രമീകരിക്കണമെന്നും പറയുന്നുണ്ട്. ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കണമെന്നും ഏറ്റവും കൂടുതൽ ഡിജിറ്റൽ ഇടപാട് നടത്തുന്ന ഔട്ട്ലെറ്റിന് ഉപഹാരം നൽകുമെന്നും ബെവ്‌കോ വ്യക്തമാക്കുന്നു. ഔട്ട്ലെറ്റ് വൃത്തിയായി സൂക്ഷിക്കണം. കച്ചവടം നടക്കുന്ന തീയതികളിൽ ഉദ്യോഗസ്ഥർ അവധി എടുക്കാൻ പാടില്ല. നിർദ്ദേശങ്ങൾ എല്ലാം ഉറപ്പാക്കാൻ മിന്നൽ പരിശോധന നടപ്പാക്കുമെന്നും കോർപ്പറേഷൻ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്