പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഗണപതി വിവാദം പ്രതിഫലിക്കും; ജി സുകുമാരൻ നായർ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഗണപതി വിവാദം പ്രതിഫലിക്കുമെന്ന് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സ്ഥാനാർത്ഥി ആയതുകൊണ്ടാണ് ജെയക്ക്‌ വന്നപ്പോൾ സ്വീകരിച്ചതെന്നും എൻഎസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വിഷയത്തിൽ എൻഎസ്എസിന്റെ നിലപാടിൽ ഒരു മാറ്റവുമില്ല. ഗണപതി വിവാദം തുടർന്നാൽ ശബരിമല വിഷയം പോലുള്ള രീതിയിലേക്ക് മാറുമെന്ന ഭയം സർക്കാരിനുണ്ട്. പ്രകോപനപരമല്ലാത്ത രീതിയിൽ സമാധാനപരമായി വിഷയം ചർച്ചചെയ്ത് അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഒരു മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവന്റെ വിശ്വാസമാണ്. ശാസ്ത്രമൊക്കെ അത് കഴിഞ്ഞേയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഷയവുമായി ബന്ധപ്പെട്ട് സ്പീക്കർ ഷംസീർ തന്നോട് ഇതുവരെ സംസാരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എല്ലാ സ്ഥാനാർത്ഥികളും വന്ന് കാണാറുണ്ട്. ജനാധിപത്യം പുലരണമെങ്കിൽ ഇവിടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വളരണം എന്നും അങ്ങനെ വളർന്നാൽ മാത്രമേ രാജ്യത്ത് നീതി നടപ്പാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.