രാജ്യത്തെ ഏറ്റവും വലിയ ക്യാൻസർ ചികിത്സാ കേന്ദ്രമാകാനൊരുങ്ങി ആർസിസി

തിരുവനന്തപുരം : പുതിയതായി നിർമ്മിച്ച 14 നില കെട്ടിടം വരുന്നതോടുകൂടി രാജ്യത്തെ ഏറ്റവും വലിയ ക്യാൻസർ ചികിത്സ കേന്ദ്രമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ മാറും. എല്ലാവർഷവും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 2.75 ലക്ഷം ക്യാൻസർ രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഇവിടെ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ വരവോടുകൂടി ആർസിസിയുടെ വിസ്തീർണം 7 ലക്ഷം സ്ക്വയർ ഫീറ്റായി ഉയരും. ഇതോടെ ക്യാൻസർ രോഗികൾക്ക് പത്തോളജി ഫലം, റേഡിയേഷൻ, ഓപ്പറേഷൻ എന്നിവയ്ക്ക് ദീർഘ നാൾ കാത്തിരിക്കേണ്ടി വരില്ല.

നിലവിൽ രോഗികളുടെ എണ്ണം കൂടിവരുന്നത് കാരണം ശസ്ത്രക്രിയയ്ക്ക് രണ്ടുമാസവും റേഡിയേഷന് ഒരു മാസവും കാത്തിരിക്കേണ്ട അവസ്ഥയാണ്. പുതിയ കെട്ടിടത്തിൽ 6 ഓപ്പറേഷൻ തിയേറ്ററും രണ്ട് റേഡിയേഷൻ യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. സങ്കീർണമായ ഓപ്പറേഷൻ പോലും എളുപ്പത്തിൽ സാധ്യമാക്കാൻ സഹായിക്കുന്ന റോബോട്ടിക് സർജറിയെത്തുന്ന ആദ്യ പൊതുമേഖല സ്ഥാപനമായി ഇതോടെ ആർസിസി മാറും. കൂടാതെ രണ്ടാഴ്ചവരെ കാത്തിരിക്കേണ്ട പത്തോളജി ഫലം പുതിയ ഡിജിറ്റൽ ലാബ് വരുന്നതോടുകൂടി വേഗത്തിൽ ലഭിക്കും.