കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞു വീണു; വീട്ടമ്മ മരിച്ചു

ഇടുക്കി: കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ വളഞ്ഞാംകാനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഉപ്പുതറ സ്വദേശി സോമിനയാണ് മരിച്ചത്. 54 വയസായിരുന്നു. അപകടത്തിനു ശേഷം 40 മിനിറ്റു കഴിഞ്ഞാണ് സോമിനയെ വാഹനത്തിൽനിന്നു പുറത്തെടുക്കാൻ കഴിഞ്ഞത്.

അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കട്ടപ്പന സ്വദേശികളായ ബിബിൻ (35), ഭാര്യ അനുഷ്‌ക (31), ആദവ് (5), ലക്ഷ്യ (എട്ട് മാസം) അനുഷ്‌കയുടെ മാതാവ് ഷീല (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബിബിൻ-അനുഷ്‌ക ദമ്പതികളുടെ വീട്ടിൽ സഹായിയായിരുന്നു മരിച്ച സോമിന. ഞായറാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു അപകടം നടന്നത്. കുഞ്ഞിനു കുറുക്ക് നൽകാൻ വാഹനം നിർത്തിയിട്ട സമയത്താണ് മലമുകളിൽനിന്നു പാറക്കല്ലുകളും മണ്ണും കാറിനു മുകളിലേക്ക് പതിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട് സന്ദർശിച്ചു കട്ടപ്പനയിലേക്കു മടങ്ങുകയായിരുന്നു സംഘം.

അഗ്‌നിരക്ഷാസേനയും പൊലീസും എത്തി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് പാറക്കല്ലുകൾ നീക്കിയത്. വൈകിട്ട് അപകടം നടന്ന പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഇതാണ് മണ്ണിടിയാൻ കാരണമെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.