പോപ്പുലർ ഫ്രണ്ടിന്റെ സ്വത്ത് വകകൾ കണ്ടുകെട്ടൽ തുടരും: പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് എൻ ഐ എ

മലപ്പുറം : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് എൻ ഐ എ. മഹാരാഷ്ട്ര, കർണാടക, പശ്ചിമബംഗാൾ, ബീഹാർ എന്നിവിടങ്ങളിലെ 11 കേന്ദ്രങ്ങളിലും കേരളത്തിലെ മലപ്പുറം, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിലുമാണ് റെയ്ഡ് നടന്നത്. ഇനിയും പോപ്പുലർ ഫ്രണ്ടിന്റെ സ്വത്ത് കണ്ടു കെട്ടുമെന്നാണ് എൻ ഐ എ പറയുന്നത്. ഇന്നലെ പുലർച്ചെ ഒരേസമയത്ത് മലപ്പുറത്ത് നാലു വീടുകളിലും കണ്ണൂരിൽ ഒരു വീട്ടിലുമാണ് എൻ ഐ എ റെയ്ഡ് നടത്തിയത്.

പരിശോധന നടത്തിയ വീടുകളിൽ കുറച്ചുനാളുകളായി ലോക്കൽ പോലീസിന്റെ നേതൃത്വത്തിൽ എൻ ഐ എ നിരീക്ഷണം നടത്തിവരികയായിരുന്നു. എന്നാൽ പോലീസിനെ പോലും അറിയിക്കാതെ ആയിരുന്നു അപ്രതീക്ഷിതമായി എൻ ഐ എ റെയ്ഡ് നടത്തിയത്. പരിശോധന നടത്തിയ വീടുകളിൽ നിന്ന് നിർണായക വിവരങ്ങൾ അടങ്ങിയ ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തിയതായി എൻഐഎ സംഘം വെളിപ്പെടുത്തി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് എൻ ഐ എ പറയുന്നത്.