വോട്ടിന് വേണ്ടി സാമുദായിക നേതാക്കളെ കാണുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടിന് പകരം വോട്ടാണ് വേണ്ടതെന്നും വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്നും വ്യക്തമാക്കി എം വി ഗോവിന്ദൻ. പുരോഗമന പാർട്ടിയാണെങ്കിലും പുരോഗമനം പറയാത്തവർക്കും വോട്ടുള്ളതിനാൽ വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് എൻ എസ് എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സി പി എം സംസ്ഥാനസെക്രട്ടറിയുടെ പ്രതികരണം.

ആരെയും ശത്രു പക്ഷത്ത് നിർത്തുന്നില്ലെന്നും ഗോവിന്ദൻ വിശദീകരണം നടത്തി. പുതുപ്പള്ളിയിൽ സമദൂരം മാത്രമേ നിൽക്കുകയുള്ളൂ എന്ന നിലപാടായിരുന്നു ജെയ്ക് കാണാനെത്തിയപ്പോൾ സുകുമാരൻ നായർ സൂചിപ്പിച്ചത്. ആ നിലപാടുമായി ബന്ധപ്പെട്ട ചോദ്യത്തിന് സമദൂരം എല്ലായ്‌പ്പോഴും സമദൂരമാവണമെന്നില്ല എന്ന പ്രതികരണമാണ് ഗോവിന്ദൻ അഭിപ്രായപ്പെട്ടത്. സുകുമാരനായാലും വെള്ളാപ്പള്ളിയായാലും തിരഞ്ഞെടുപ്പിന്റെ ഭാഗമായി സഹായം അഭ്യർത്ഥിക്കുമെന്നും സ്ഥാനാർത്ഥി എന്ന രീതിയിൽ വോട്ട് ചോദിക്കുന്നതിൽ തെറ്റില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി വിശദീകരണം നൽകി.