ദേശീയ പാതകളിലെ സിഗ്നൽ സംവിധാനത്തിൽ വിട്ടു വീഴ്ച്ച പാടില്ല ; ഉത്തരവിറക്കി കേന്ദ്രം

ഡൽഹി : കേന്ദ്ര ഉപരിതല മന്ത്രാലയം ദേശീയപാതയിലെ സിഗ്നൽ സംവിധാനങ്ങളിൽ വിട്ടു വീഴ്ച്ച പാടില്ലെന്ന് പറഞ്ഞു കൊണ്ട് മാർഗ നിർദ്ദേശ രേഖ പുറത്തിറക്കിയിരിക്കുകയാണ് . ദേശീയ പാത അതോറിറ്റി, സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. വേഗ പരിധി, നോ എൻട്രി, നോ പാർക്കിംഗ്, നന്ദി ഉൾപ്പെടെ വേണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ദേശീയ പാത, എക്സ്പ്രസ് ഹൈവേ എന്നിവിടങ്ങളിൽ നിർദ്ദേശങ്ങൾ പാലിച്ച് വാഹനമോടിക്കാൻ സിഗ്നൽ അനിവാര്യമാണെന്നും നിർദേശിച്ച അളവിലും വലിപ്പത്തിലും ഓരോ സിഗ്നൽ സ്ഥാപിക്കണമെന്നും മോർത്ത് പറയുന്നു.

നിർബന്ധമായും പാലിക്കേണ്ട ചുവന്ന വൃത്തത്തിനുള്ളിലെ കാര്യങ്ങൾ , ചുവന്ന ത്രികോണത്തിലെ മുന്നറിയിപ്പുകൾ, വിവരങ്ങൾ നൽകുന്ന സിഗ്നലുകൾ നീല ചതുരത്തിൽ എന്നിങ്ങനെ വേണമെന്നാണ് കേന്ദ്രം പറയുന്നത്. 5 കിലോമീറ്ററിനുള്ളിൽ വേഗ പരിധി, നോ എൻട്രി, വേഗ നിയന്ത്രണം, നോ പാർക്കിംഗ് എന്നിവയുടെ അടയാളം വേണം, സ്ഥല സൂചക ബോർഡുകൾ 5 കിലോമീറ്റർ പരിധിയിൽ വയ്ക്കണം, ഇടത് വലത് വളവുകൾ, ദേശീയ പാതയിലേക്കുള്ള വരവും പോക്കും എന്നിവയും നൽകേണ്ട മറ്റ് വിവരങ്ങളാണ്. കൂടാതെ റിഫ്ളക്ടറുകളുടെ നിറം, മറികടക്കാനുള്ള ലൈൻ, ട്രെക്കുകൾക്ക് ഇടത് വശത്തുകൂടി പോകാനുള്ള അടയാളം, ഹോസ്പിറ്റൽ, പെട്രോൾ പമ്പുകൾ, വർക്ക് ഷോപ്, അടിയന്തര ഫോൺ സർവീസ് എന്നിവയും റോഡിൽ സ്ഥാപിക്കേണ്ട മറ്റ് വിവരങ്ങളിൽപ്പെടുന്നു.