കേരളം ഉൾപ്പെടയുള്ള 9 സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തി

ഡൽഹി : ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള 9 സംസ്ഥാനങ്ങളിൽ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. സംസ്ഥാനങ്ങൾക്ക് പുറമേ ഒരു കേന്ദ്ര ഭരണ പ്രദേശത്തും വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തി.ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് സർവ്വേ പൂർത്തിയായത്.

തമിഴ്‌നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലുമാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ, ഒഡീഷ, ചണ്ടീഗഡ് എന്നിവിടങ്ങളിൽ നടത്തിയ സർവേയിൽ വൈറസ് സാന്നിധ്യം വവ്വാലുകളിൽ ഇല്ലായിരുന്നു.

നേരത്തെ കേരളത്തിലും അസമിലും പശ്ചിമ ബംഗാളിലും ബീഹാറിലും പഴം ഭക്ഷിക്കുന്ന വവ്വാലുകളിൽ നിപയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാജ്യത്തെ വവ്വാലുകൾക്കിടയിൽ വൈറസ് പടരുന്നത് എങ്ങനെയെന്ന് വ്യക്തമായി അറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പഠനം നടത്തുന്നതെന്ന് ഐ സി എം ആർ – എൻ ഐ വി ഡയറക്ടർ ഇൻ ചാർജ് ഡോ ഷീല ഗോഡ്‌ബോലെയെ പറഞ്ഞു.

ഇന്ത്യയിൽ ആദ്യം നിപ റിപ്പോർട്ട് ചെയ്ത പശ്ചിമ ബംഗാളിൽ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദക്ഷിണേന്ത്യയിൽ ആദ്യം നിപ കണ്ടെത്തിയത് കോഴിക്കോടാണ്. ഇതിൽ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു. പനി, തലവേദന, ബോധക്ഷയം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ . വൈറസ് ബാധയുണ്ടായി 5 മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരീയഡ്.