കെ-റെയിലിന് പകരം മൂന്നാമത്തെ റെയില്‍വേ ലൈന്‍; കേന്ദ്രമന്ത്രിയുമായുള്ള ബി.ജെ.പി നേതാക്കളുടെ കൂടിക്കാഴ്ച ഇന്ന്‌

കെ-റെയിലിന് പകരം കേരളത്തിന് മൂന്നാമത്തെ റെയില്‍വേ ലൈന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്ന് ഉച്ചക്ക് രണ്ടരക്ക് കൂടിക്കാഴ്ച നടത്തും.

‘കെ- റെയില്‍ എന്ന പേരില്‍ റെയില്‍വേ വകുപ്പിന്റെ മുമ്പാകെ കൊടുത്തിരിക്കുന്ന പദ്ധതി സാമ്പത്തികമായി നടപ്പിലാക്കാന്‍ പറ്റുന്നതല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ വേഗത കൂടിയ തീവണ്ടികള്‍ ഓടിക്കാനുള്ള സംവിധാനമുണ്ടാകണം. അതിന് ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്തും’- എന്നാണ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കിയത്.

അതേസമയം, സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കേണ്ടതില്ല എന്ന ബിജെപിയുടെ നിലപാട് കേരളത്തിലെ വികസനത്തിന് എതിര് നില്‍ക്കുകയാണ് എന്നതരത്തില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബി.ജെ.പി പ്രതിനിധി സംഘം ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതോടൊപ്പം തന്നെ നിലവിലുള്ള റെയില്‍വേ ട്രാക്കിന് സമാന്തരമായി മൂന്നാം ലൈന്‍ കേരളത്തിന് അനുവദിക്കണം എന്ന ആവശ്യവും, നേമം ടെര്‍മിനല്‍ പദ്ധതി പുനഃസ്ഥാപിക്കണം എന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ടുവെക്കും.