ജലീൽ അത്തരമൊരു കത്ത് അയക്കാൻ പാടില്ലായിരുന്നു; മാധ്യമം വിവാദത്തിൽ കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമം വിവാദവുമായി ബന്ധപ്പെട്ട് മുൻമന്ത്രി കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമം പത്രത്തിനെതിരെ ജലീൽ അത്തരമൊരു കത്ത് അയക്കാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പരസ്യമായപ്പോഴാണ് വിവരം അറിഞ്ഞത്. വിഷയത്തിൽ ജലീലിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ജലീലിനെ നേരിട്ട് കണ്ട് വിഷയം സംസാരിക്കും. അതിന് ശേഷം വിഷയത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, കെ ടി ജലീൽ മാധ്യമത്തിന് എതിരെ കത്തെഴുതിയത് പാർട്ടിയുമായി ആലോചിച്ചിട്ടല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ അറിയിച്ചിരുന്നു. അത് പാർട്ടി നിലപാടല്ലെന്നും കോടിയേരി അറിയിച്ചു. പാർട്ടിയോട് ആലോചിച്ചിട്ടല്ല എല്ലാ എംഎൽഎമാരും മന്ത്രിമാരും കത്തെഴുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജലീലിന്റേത് പ്രോട്ടോക്കോൾ ലംഘനമാണെങ്കിൽ നടപടി സ്വീകരിക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്. മാധ്യമം പത്രം മുൻപ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിന് ഉണ്ടായിരുന്നത്.