ലോക്സഭാ തെരഞ്ഞെടുപ്പ്; അടിയന്തര വൈദ്യസഹായത്തിന് സ്വകാര്യ ആശുപത്രി സേവനങ്ങളും

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം അടിയന്തര വൈദ്യസഹായത്തിന് സ്വകാര്യ ആശുപത്രികളുടെ സേവനവും ഉറപ്പാക്കിയെന്ന് കൊല്ലം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ എൻ ദേവിദാസ്. ചേംബറിൽ ചേർന്ന സ്വകര്യ ആശുപത്രി പ്രതിനിധികളുമായുള്ള യോഗത്തിൽ പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദേശം നൽകി. അടിയന്തര ഘട്ടങ്ങളിലേക്കുള്ള സംവിധാനങ്ങൾ ഒരുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

85 വയസു കഴിഞ്ഞ വോട്ടർമാർക്കും, ഭിന്നശേഷി വോട്ടർമാർക്കും ആവശ്യമായ സൗകര്യങ്ങൾ പോളിങ് സ്റ്റേഷനുകളിൽ എ.ആർ.ഓ മാരുടെ മേൽനോട്ടത്തിൽ ഏർപ്പെടുത്തും. വോട്ടിംഗ് ദിവസം പോളിങ് സ്റ്റേഷനുകളിലും പോളിങ് സാമഗ്രികൾ തിരിച്ചേല്പിക്കുന്ന കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർക്കായും വൈദ്യ സഹായം ഏർപ്പെടുത്തും. താലൂക്ക്-ജില്ലാ ആശുപത്രികളുടെ സൗകര്യങ്ങളാണ് വിനിയോഗിക്കുക. കൂടുതൽ വീൽ ചെയറുകൾ സ്വകര്യ ആശുപത്രികളിൽ നിന്ന് ശേഖരിച്ചും ഉപയോഗിക്കും.

എല്ലാ പോളിങ് കേന്ദ്രങ്ങളിലും ഹയർ സെക്കൻഡറിതല എൻ.സി.സി, എൻ.എസ്.എസ് വോളന്റിയർമാരെ വിന്യസിക്കും. അടിയന്തരസാഹചര്യങ്ങൾ നേരിടുന്നതിന് ആംബുലൻസ് ഉൾപ്പടെ സൗകര്യങ്ങളുള്ള ക്വിക്ക് റെസ്പോൺസ് ടീമിനെയും നിയോഗിക്കുമെന്ന് വ്യക്തമാക്കി .ഡി.എം.ഓ. ഡോ. ഡി.വസന്തദാസ്, ജില്ലാ സാമൂഹ്യസുരക്ഷ ഓഫീസർ എ.ആർ. ഹരികുമാരൻ നായർ ,സർക്കാർ -സ്വകാര്യ ആശുപത്രി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.