മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; യുവാവിന് പരിക്ക്

തിരുവനന്തപുരം: നവീകരിച്ച മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഇന്നലെ രാത്രിയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണക്കാണ് വെട്ടേറ്റത്. ധനുകൃഷ്ണയ്ക്ക് കഴുത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ധനുഷ് കൃഷ്ണയിപ്പോൾ.

ഷെമീർ എന്നയാളാണ് ധനു കൃഷ്ണയെ വെട്ടിയത്. ഷെമീറും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയും മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് പുലർച്ചെ 1.30 യോടെയാണ് സംഭവം നടന്നത്. റീൽസ് എടുക്കുന്നതിനിടെയാണ് തർക്കമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. നിരന്തര സംഘർഷത്തെ തുടർന്ന് മാനവീയം വീഥിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നെങ്കിലും പൊലീസ് നടപടികൾ പലതും പ്രഖ്യാപനത്തിലൊതുങ്ങിയതിന്റെ തെളിവാണ് ഇന്ന് പുലർച്ചെയുണ്ടായ ഈ സംഘർഷം.

അതേസമയം, പൊലീസ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ ലഹരി സംഘങ്ങൾ വീണ്ടും മാനവീയം വീഥിയിൽ താവളമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ കൂടുതൽ പൊലീസുകാരെ ഈ സ്ഥലത്ത് വിന്യസിക്കാൻ സാധിക്കുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്.