ട്രാജിക്കലി ഷോക്കിംഗ്; മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ പൊട്ടിത്തെറിച്ച് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ പൊട്ടിത്തെറിച്ച് അതിജീവിത. ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ടകെട്ടി കരുത്ത് പകരേണ്ട കോടതിയിൽ നിന്നും ഇത്തരമൊരു ദുരനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേറ്റ നീചരുമാണെന്നത് സങ്കടകരമാണെന്ന് അതിജീവിത പറഞ്ഞു.

മെമ്മറി കാർഡ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി ശേഖരിച്ച മൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറണമെന്നായിരുന്നു ഹൈക്കോടതി നൽകിയ നിർദ്ദേശം. തുടർന്ന് ഈ മൊഴികളുടെ പകർപ്പ് അതിജീവിത പരിശോധിച്ചു. ഇതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു അതിജീവിത ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

വിചാരണക്കോടതി ജഡ്ജിയുടെ നടപടിയെ അതിജീവിത വിശേഷിപ്പിച്ചത് ട്രാജിക്കലി ഷോക്കിംഗ് എന്നാണ്. സത്യസന്ധരായ ന്യായാധിപന്മാരിൽ വിശ്വാസമുണ്ട്. നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും നടി വ്യക്തമാക്കി.

അതേസമയം, മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതിനെക്കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്ന ഉപഹർജിയിൽ മേയ് 30ന് വിശദവാദം കേൾക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള അന്വേഷണം വേണ്ടവിധം നടന്നില്ലെന്നും അന്വേഷണ റിപ്പോർട്ട് പ്രതിഭാഗത്തിന് സഹായകരമാകുന്നതാണെന്നും ഉപഹർജിയിൽ പറയുന്നുണ്ട്.