പനി ബാധിതരുടെ എണ്ണം വർധിക്കുന്നു; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ശരാശരി 500ൽ അധികം പേരാണ് ദിവസേന ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

മാർച്ച് 18 മുതൽ 22 വരെയുള്ള കണക്കുകൾ അനുസരിച്ച് 2511 പേർ ചികിത്സ തേടിയിട്ടുണ്ട്. 59 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അതിൽ 25 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 31 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. നാല് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. പനി ബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതിൽ ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടർന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം ഡെങ്കിപ്പനി ബാധിച്ചാൽ രോഗം ഗുരുതരമാകുകയും രക്തസ്രാവം ഉണ്ടാകുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യുന്നതാണ്.

ഡെങ്കി വൈറസ് ശരീരത്തിൽ കയറിയാൽ അഞ്ച് മുതൽ എട്ട് ദിവസം എടുത്താണ് രോഗം പുറത്തേക്ക് വരുന്നത്. അതി തീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത ശരീരവേദന തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദിയും ഒക്കാനാവും തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഡെങ്കിപ്പനി മൂർച്ചിച്ച് കഴിഞ്ഞാൽ പൊതുവെയുള്ള ലക്ഷണങ്ങൾക്കൊപ്പം താഴെ പറയുന്ന ലക്ഷണങ്ങൾ കൂടി കാണുകയാണെങ്കിൽ എത്രയും വേഗം വൈദ്യ സഹായം തേടണം. അസഹനീയമായ വയറുവേദന, മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്തസ്രാവം, ബോധക്ഷയം, തൊണ്ട വരളുക, ശ്വാസോച്ഛ്വാസത്തിന് വിഷമം, രക്തത്തോടു കൂടിയോ ഇല്ലാതയോ ഇടവിട്ടുള്ള ഛർദ്ദി, കറുത്ത നിറത്തിൽ മലം പോകുക, അമിതമായ ദാഹം എന്നിവയാണ് ഈ ലക്ഷണങ്ങൾ.