യുഡിഎഫ് വ്യാജ പ്രചാരണം നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ കെ കെ ശൈലജ

കോഴിക്കോട്: കോവിഡ് കാലത്തെ പർച്ചേസിന്റെ പേരിൽ യുഡിഎഫ് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ. യാതൊരു തെളിവുമില്ലാതെയാണ് യുഡിഎഫ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്ന് ശൈലജ പറഞ്ഞു.

പിപിഇ കിറ്റുകൾ അടക്കം അമിത വിലയിൽ വാങ്ങിയതിന്റെ കൃത്യമായ തെളിവുകളാണ് ഉന്നയിച്ചതെന്നാണ് യുഡിഎഫിന്റെ വാദം. വടകരയിൽ പ്രചാരണം തുടങ്ങിയതു മുതൽ കെ കെ ശൈലജക്കെതിരെ കോവിഡ് കാല പാർച്ചേസ് സംബന്ധിച്ച ആരോപണങ്ങളാണ് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്നത്.

അതേസമയം, സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ തുടർന്നാൽ നിയമപരമായി നേരിടുമെന്ന് സിപിഎം നേതാവും വടകര എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. കള്ളി എന്ന് വിളിച്ചാണ് തന്നെ ആക്ഷേപിക്കുന്നതെന്ന് കെ കെ ശൈലജ പറഞ്ഞു. ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് പി പി ഇ കിറ്റ് പർച്ചേസ് ചെയ്തതിന്റെ പേരിലാണ് കെ കെ ശൈലജക്കെതിരെ ആക്ഷേപം നടത്തുന്നത്. 1500 രൂപയ്ക്ക് മാത്രം പിപിഇ കിട്ടുന്ന ക്ഷാമകാലത്ത് 15,000 കിറ്റ് വാങ്ങി ആരോഗ്യപ്രവർത്തകരുടെ ജീവൻ രക്ഷിച്ച കാര്യത്തെയാണ് ഇങ്ങനെ കള്ളി എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത് എന്നാണ് കെ കെ ശൈലജ പറയുന്നത്.

ഈ ആരോപണങ്ങളിൽ കേരളത്തിലെ ജനങ്ങളും പ്രതികരിക്കുമെന്ന് കരുതുന്നു. തന്റെ ജീവിതം ജനങ്ങൾക്ക് മുൻപിൽ ഒരു തുറന്ന പുസ്തകമാണ്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കാം കേസെടുക്കാം ശിക്ഷിക്കാം. കോൺഗ്രസ് പ്രവർത്തകയെ കൊണ്ട് ലോകായുക്തയിൽ പരാതി കൊടുപ്പിച്ചപ്പോൾ കൃത്യമായി അതിന് മറുപടി കൊടുത്തതാണ്. മുഖ്യമന്ത്രി അസംബ്ലിയിലും മറുപടി പറഞ്ഞതാണെന്നും ശൈലജ വ്യക്തമാക്കി.

യുഡിഎഫ് ഉന്നയിക്കുന്നുണ്ട്. കോവിഡ് കള്ളിയെ കെട്ടുകെട്ടിക്കണം തുടങ്ങിയ മുദ്രാവാക്യങ്ങൾ റോഡ് ഷോകളിലും മറ്റും ഉന്നയിക്കുന്ന യുഡിഎഫ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ ഇതിന് വലിയ പ്രചാരവും നൽകുന്നു. ഒരു ഭാഗത്ത് കൊവിഡ് ഘട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ വച്ച് കെ.കെ ശൈലജ വോട്ട് അഭ്യർത്ഥിക്കുമ്പോഴാണ് യുഡിഎഫിന്റെ ഈ പ്രതിരോധം. പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരുടെയും പൊതു ജനങ്ങളുടെയും ജീവൻ രക്ഷിക്കാനായി നടത്തിയ ഇടപെടലിനെ കൊള്ളയായി ചിത്രീകരിച്ചാൽ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് ശൈലജ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് നിലപാട് മാറ്റാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതെന്ന് കെകെ ശൈലജ വ്യക്തമാക്കിയിരുന്നു.