രോഗം ചികിത്സിച്ചിരുന്നെങ്കിൽ മണി ഇന്നും ജീവിച്ചിരുന്നേനെ; സലിം കുമാർ

കലാഭവൻ മണിയുടെ ഓർമ്മകളെ കുറിച്ചും അദ്ദേഹത്തിന്റെ രോഗാവസ്ഥയെ കുറിച്ചും സംസാരിച്ച് നടൻ സലിം കുമാർ. മണി ഇത്ര പെട്ടെന്ന് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സലിംകുമാർ പറഞ്ഞു. കലാഭവൻ മണിയുടെ വിയോഗം ഞെട്ടിച്ചു കളഞ്ഞു. തനിക്ക് വന്ന രോഗം തന്നെയാണ് മണിയ്ക്കും വന്നത്. ചികിത്സിച്ച് മാറ്റാൻ കഴിയുമായിരുന്നു. എന്നാൽ, മണി ചികിത്സിച്ചിരുന്നില്ല.

മണിയുടെ ഡോക്ടർ തന്നെ വിളിച്ച് സംസാരിച്ചിരുന്നു. രോഗം ചികിത്സിക്കണമെന്ന് മണിയോട് പറയണമെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. എന്നാൽ, രോഗം അംഗീകരിക്കാൻ മണി ഒരിക്കലും തയ്യാറായിരുന്നില്ല. ഭയമായിരുന്നു മണിയ്ക്ക്. ആളുകൾ അറിഞ്ഞാൽ എന്ത് കരുതും, സിനിമ നഷ്ടമാകുമോ തുടങ്ങിയ ഭയമായിരുന്നു മണിയെ അലട്ടിയത്. യാഥാർത്ഥ്യത്തിന്റെ പാതയിലൂടെ മണി ചിന്തിച്ചില്ല. അങ്ങനെ ചിന്തിയ്ക്കുകയോ രോഗം ചികിത്സിക്കുകയോ ചെയ്തിരുന്നുവെങ്കിൽ മണി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. സിംപിൾ ആയി മാറ്റാൻ പറ്റുമായിരുന്നു. അവൻ പേടി കാരണം അതും കൊണ്ടുനടന്നു. അപ്പോഴും കസേരയിൽ ഇരുന്നു പോലും അവൻ സ്റ്റേജ് ഷോകൾ ചെയ്തിരുന്നുവെന്നും സലിം കുമാർ പറയുന്നു.

മണിയുടെ മരണം അപ്രതീക്ഷിതം ആയിരുന്നു. അസുഖമുണ്ട് എന്നറിയാമെങ്കിൽ പോലും പെട്ടെന്ന് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചൊക്കെ മണിയും സൂക്ഷിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.