ഇനി ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, പകരം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: കേരളത്തില്‍ ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാകാര്യങ്ങള്‍ക്കും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാകും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.നിലവില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും ഇളവ് ലഭിക്കുമെന്ന് വ്യക്തമാക്കി ദുരന്തനിവാരണ വകുപ്പിറക്കിയ ഉത്തരവ് പ്രാബല്യത്തില്‍വന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 14 ദിവസം ക്വാറന്റൈന്‍ പാലിക്കണമെന്ന നിബന്ധനയും രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനി ബാധകമാവില്ല.

എന്നാല്‍, വാക്‌സിനെടുത്തവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയാല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്ന സാഹചര്യവുമെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ ഇളവ് നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറത്ത് പോകുന്നവര്‍ പോകുന്ന സംസ്ഥാനത്തെ നിയമങ്ങള്‍ പാലിക്കേണ്ടി വരും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന നിരവധിപേര്‍ക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണില്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.