മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എംപി സമ്പത്തിനെ നിയമിച്ചു

തിരുവനന്തപുരം: ദേവസ്വം-പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എംപി സമ്പത്തിനെ നിയമിച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മൂന്നു തവണ ലോക്സഭ അംഗമായി ഇരിന്ന വ്യക്തിയാണ് സമ്പത്ത്. 1996, 2009,2014 കാലഘട്ടങ്ങളിലാണ് സമ്പത്ത് എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായിരുന്നു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ നിന്നും സമ്പത്ത് പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ പ്രത്യേക പദവി നൽകി ഡൽഹിയിലെ കേരളാ ഹൗസിൽ നിയമിച്ചത്. സർക്കാരിന്റെ ഈ തീരുമാനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് ചുമതല എന്നതായിരുന്നു സമ്പത്തിന്റെ നിയമനത്തിൽ പാർട്ടി നൽകിയ വിശദീകരണം. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സമ്പത്ത് ഈ സ്ഥാനം രാജിവെച്ചത്.