പ്രധാനമന്ത്രി ആവാസ് യോജന: പദ്ധതി നടത്തിപ്പില്‍ കേരളത്തിന് വന്‍ വീഴ്ച

modi

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന നടത്തിപ്പിലെ വീഴ്ചകാരണം കേന്ദ്രസഹായമായ 195.82 കോടി രൂപ നഷ്ടമായെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍.2016-17ല്‍ 32,559 വീടുകള്‍ നിര്‍മിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചത്. എന്നാല്‍, 13,326 വീടുകളാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഈ കാലയളവിലേക്ക് കേന്ദ്രവിഹിതമായി 121.90 കോടി രൂപ അനുവദിച്ചു.ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും നിര്‍ദിഷ്ടമാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും വീഴ്ചസംഭവിച്ചു. പട്ടികയില്‍പെടുത്തിയ 75,709 കുടുംബങ്ങളില്‍ 45,409 പേര്‍ അര്‍ഹതയില്ലാത്തവരായിരുന്നു. കാലതാമസം ഉണ്ടായതുകാരണം 5715 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി. പദ്ധതി നടത്തിപ്പില്‍ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് കാര്യമായ പങ്കുണ്ടായിരുന്നെങ്കിലും 580 വീടുകള്‍ പഞ്ചായത്തിന്റെയും തീരദേശപരിപാലന അതോറിറ്റിയുടെയും അനുമതിയില്ലാതെയാണ് നിര്‍മിച്ചത്.കിടപ്പുരോഗികള്‍, പ്രായമായവര്‍ തുടങ്ങി അവശവിഭാഗത്തില്‍പെട്ടവര്‍ക്ക് പഞ്ചായത്തുകള്‍ വീട് വെച്ചുനല്‍കണമെന്ന വ്യവസ്ഥ പാലിക്കാത്തത് കാരണം 393 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി.