മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉത്പാദനം : ധനമന്ത്രിയുടെ നിര്‍ദ്ദേശം ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: കേരളത്തിലെ കാര്‍ഷിക വിളകളില്‍ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കണമെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ നിര്‍ദ്ദേശം ചര്‍ച്ചയാകുന്നു. സ്പിരിറ്റ് ഉത്പാദനം കന്നി ബജറ്റില്‍ ധനമന്ത്രി മുന്നോട്ട് വച്ചപ്പോള്‍ അതിനുമപ്പുറം ഉയര്‍ന്നിരിക്കുകയാണ് ഇപ്പോഴത്തെ ചിന്തകള്‍. മരച്ചീനിയില്‍ നിന്നുളള ആല്‍ക്കഹോള്‍ കൊണ്ട് വണ്ടിയോടിക്കാമെന്നാണ് ഗവേഷണം. കാര്‍ബണ്‍ പ്രസരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പത്ത് വര്‍ഷത്തിനപ്പുറം വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 20 ശതമാനം ജൈവ ഇന്ധനമായിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യയില്‍ സ്പിരിറ്റ് നിര്‍മാണത്തിന് മരച്ചീനി ഉപയോഗിക്കുന്നില്ലെങ്കിലും ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഈ രീതി നടപ്പിലാക്കുന്നുണ്ട്. മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യക്ക് മൂന്ന് പതിറ്റാണ്ട് മുമ്പേ തന്നെ പേറ്റെന്റ് എടുത്തിട്ടുണ്ടെന്നാണ് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം പറയുന്നത്. പുതിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൈലറ്റ് പഠനം നടത്താന്‍ ഒരുക്കമാണെന്നും കിഴങ്ങുവിള ഗവേഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം 1983ല്‍ തന്നെ ഇതുസംബന്ധിച്ച പഠനം നടത്തി പേറ്റന്റ് നേടിയിട്ടുണ്ട്. മരച്ചീനി ഉത്പാദനത്തില്‍ ലോകത്ത് ഇന്ത്യ പതിനഞ്ചാം സ്ഥാനത്താണ്. ഒരു വര്‍ഷം ഉത്പാദിപ്പിക്കുന്ന 50 ടണ്ണില്‍ പകുതിയോളവും കേരളത്തിലാണ്.

സ്പിരിറ്റാക്കുന്ന വിധം

മരച്ചീനി ഉണക്കിപ്പൊടിച്ച് അന്നജമാക്കി (സ്റ്റാര്‍ച്ച്) മാറ്റും
നൂറ് ഡിഗ്രിയില്‍ തിളപ്പിച്ച് കുഴമ്പാക്കും
രാസ പ്രക്രിയയിലൂടെ ഗ്ലൂക്കോസാക്കും
യീസ്റ്റ് ചേര്‍ത്ത് പുളിപ്പിച്ച് 30 ഡിഗ്രിയിലാക്കും
പുളിപ്പിച്ച ഗ്ലൂക്കോസ് വാറ്റുമ്പോള്‍ സ്പിരിറ്റ് ലഭിക്കും

ഉത്പാദനച്ചെലവ്

48 രൂപ:ഒരു കിലോ മരച്ചീനിയിലെ സ്പിരിറ്റിന്
3 ടണ്‍ മരച്ചീനിയില്‍ നിന്ന് 1 ടണ്‍ അന്നജം
1 ടണ്‍ അന്നജത്തില്‍ നിന്ന് 680 ലിറ്റര്‍ സ്പിരിറ്റ്
680 ലിറ്റര്‍ സ്പിരിറ്റിന് 32640 രൂപ
ഒരു പ്ലാന്റിന് ചെലവ് (100 കിലോ സംസ്‌കരിക്കാന്‍)
80 ലക്ഷം (കെട്ടിടം ഉള്‍പ്പടെ)
80 -115 പേര്‍ക്ക് തൊഴില്‍

കേരളത്തിലെ കൃഷി
കര്‍ഷകര്‍: 18 -22 ലക്ഷം
കൃഷിസ്ഥലം: 6.97 ലക്ഷം ഹെക്ടര്‍
ഒരു ഹെക്ടറില്‍ : 8,000 മൂട്
വിളവ്: 35-45 ടണ്‍