മാലിന്യത്തിൽ നിന്ന് ഊർജ്ജം വേർതിരിച്ചെടുക്കൽ; വേയിസ്റ്റ് ടു എനർജി ട്രീറ്റ്‌മെൻറ് പ്ലാന്റിന് സഹായ വാഗ്ദാനം നൽകി ജപ്പാൻ കമ്പനി

തിരുവനന്തപുരം: കോഴിക്കോട് പുതുതായി സ്ഥാപിക്കാൻ പോകുന്ന വേയിസ്റ്റ് ടു എനർജി ട്രീറ്റ്‌മെൻറ് പ്ലാന്റിന് ജപ്പാൻ കമ്പനിയായ ജെ. എഫ്. ഇ എഞ്ചീനിയറിംഗ് ലിമിറ്റഡ് സാങ്കേതിക സഹായം നൽകും. കമ്പനിയുടെ ഓവർസീസ് ബിസിനസ് ഹെഡും എൻവയോൺമെന്റ് ഡയറക്ടറുമായ പി. ഇ കീച്ചി നഗാത്തയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സഹകരണം വാഗ്ദാനം ചെയ്തത്.

മാലിന്യത്തിൽ നിന്ന് ഊർജ്ജം വേർതിരിച്ചെടുക്കാൻ ഉദ്ദേശിച്ചാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലായി 350 ൽ അധികം മാലിന്യ നിർമ്മാർജ്ജന പാന്റുകൾ സ്ഥാപിച്ച പരിചയം ഉള്ള ജെ. എഫ്. ഇ എഞ്ചീനിയറിംഗ് ലിമിറ്റഡ് സാങ്കേതിക വിദ്യ ,നിർമ്മാണം എന്നീ മേഖലയിലെ സഹകരണം ആണ് പദ്ധതിക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

രണ്ട് വർഷത്തിനകം പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉൽപാദിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരളത്തിലെ ആദ്യത്തെ വേയിസ്റ്റ് ടു എനർജി ട്രീറ്റ്‌മെൻറ് പ്ലാന്റ് ആണ് കോഴിക്കോട് സ്ഥാപിക്കപ്പെടാൻ പോകുന്നത്.