ബംഗളൂരു-മൈസൂരു 10 വരി അതിവേഗപാത; ആദ്യഘട്ട ടോൾ പിരിവ് ഫെബ്രുവരി 15 മുതൽ

കൊച്ചി: ബംഗളൂരു-മൈസൂരു 10 വരി അതിവേഗപാതയിൽ ആദ്യഘട്ട ടോൾ പിരിക്കൽ ഉടൻ ആരംഭിക്കും. ഫെബ്രുവരി 15 മുതലാണ് ടോൾ പിരിവ് ആരംഭിക്കുന്നത്. ബംഗളൂരു-നിദാഘട്ട ഭാഗത്താണ് ആദ്യം ടോൾ പിരിക്കൽ ആരംഭിക്കുക. ടോൾ പിരിവ് തുടങ്ങുന്ന വിവരം മൈസൂരു എം.പി. പ്രതാപസിംഹയാണ് ടോൾ പിരിവ് നടത്തുന്ന വിവരം അറിയിച്ചത്.

പാതയിൽ ആകെ മൂന്ന് ടോൾ ബൂത്തുകളാണ് ഉള്ളത്. എന്നാൽ, രണ്ട് ടോൾ ബൂത്തുകളിൽ നിന്നാണ് ടോൾ പിരിക്കുകയെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ വ്യക്തമാക്കി. മൈസൂരു-നിദാഘട്ട ഭാഗത്ത് ശ്രീരംഗപട്ടണയ്ക്ക് സമീപത്തെ ഗനഗുരുവിലാണ് ആദ്യത്തെ ടോൾ ബൂത്തുള്ളത്. രണ്ടാമത്തെയും മൂന്നാമത്തെയും ടോൾ ബൂത്തുകൾ തയ്യാറാക്കപ്പെട്ടിട്ടുള്ളത് ബെംഗളൂരു-നിദാഘട്ട ഭാഗത്ത് ബിഡദിക്ക് സമീപത്തെ കനിമിനികെയിലാണ്.

11 ഗേറ്റുകളായിരിക്കും ഓരോ ടോൾ ബൂത്തിലും ഉണ്ടാകുക. അത്യാധുനിക ടോൾ പിരിവ് സംവിധാനമാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഫാസ്ടാഗ് സംവിധാനവും ഉണ്ടാകും. ആകെ പദ്ധതിച്ചെലവും പ്രതിദിനമുള്ള വാഹനങ്ങളുടെ എണ്ണവും കണക്കാക്കിയശേഷമേ ടോൾ നിരക്ക് തീരുമാനിക്കൂവെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചിട്ടുള്ളത്.