കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാതെ പോലീസ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ ഡ്രൈവർ യദു നൽകിയ പരാതിയിൽ കേസെടുക്കാതെ കന്റോൺമെന്റ് പൊലീസ്. മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പോലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ല.

മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവർ പരാതി നൽകിയതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവർ മോശമായി പെരുമാറിയതിനാലാണ് മേയർ ഇടപെട്ടതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, തന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഡ്രൈവർ യദുവിന്റെ നീക്കം. മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് ഫയൽ ചെയ്യാനൊരുങ്ങുകയാണ് യദു.

യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നനിഗമനത്തിലാണ് ഗതാഗത വകുപ്പ്.