എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കാൻ നടപടി ആവിഷ്‌ക്കരിക്കും; ധനമന്ത്രി

ന്യൂഡൽഹി: എല്ലാ സർക്കാർ സ്ഥാപനങ്ങളും പാൻ കാർഡ് തിരിച്ചറിയൽ രേഖയായി സ്വീകരിക്കുവാൻ നടപടി ആവിഷ്‌ക്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. കെവൈസി വ്യവസ്ഥകൾ കൂടുതൽ ലളിതമാക്കുമെന്നും നിർമ്മലാ സീതാരാമൻ അറിയിച്ചു.

പട്ടിക വർഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിൽ ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ഭാഗമായി 3.5 ലക്ഷം വിദ്യാർത്ഥികൾക്ക് പുതിയ 740 ഏകലവ്യ മോഡൽ സ്‌കൂളുകളും അതിന്റെ നടത്തിപ്പിനായി 38,800 അധ്യാപകരെയും ജീവനക്കാരെയും നിയമിക്കും. ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിന് 1250 കോടിയും ജൽ ജീവൻ മിഷന് 70000 കോടിയും ഏകലവ്യ സ്‌കൂളിന് 5943 കോടിയും പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 79,590 കോടിയും ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉത്പാദനത്തിന് 5172 കോടിയും വടക്ക് കിഴക്ക് മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 2491 കോടിയും അനുവദിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക നേട്ടങ്ങളിൽ വനിതാ പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതിന്റെ ഭാഗമായി വലിയ രീതിയിൽ ഉള്ള ചുവടുവയ്പ്പാണ് നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ദീൻ ദയാൽ അന്ത്യയോജന ഗ്രാമ പദ്ധതിയിൽ സ്ത്രീകൾക്കായി 81 ലക്ഷം സ്വയം സഹായ സംഘങ്ങളുടെ ശാക്തീകരണം നടത്തി .ഇതിന്റെ തുടർ പദ്ധതിയെന്നോണം വൻകിട ഉത്പാദനശാലകൾ ഉടൻ തന്നെ ആരംഭിക്കും.

ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ അനുവദിച്ചു. 9.6 കോടി പാചകവാതക കണക്ഷൻ നൽകി. മൂലധന നിക്ഷേപം പത്ത് ലക്ഷം കോടിയായി ഉയർത്തും. 2200 കോടി രൂപയുടെ ഹോർട്ടികൾച്ചർ പദ്ധതിയ്ക്കും അനുമതി നൽകി. 2030-ഓടെ ഹരിത ഹൈഡ്രജൻ ഊർജ ഉപയോഗം. ഇതിനായി 35000 കോടി വകയിരുത്തി. വയോധികർക്കുള്ള നിക്ഷേപ പരിധി 30 ലക്ഷമാക്കി ഉയർത്തി. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറയ്ക്കുകയും ചെയ്യുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

പ്രതിരോധ വകുപ്പിന് 5.94 ലക്ഷം കോടിയും പൊതുഗതാഗത വകുപ്പിന് 2.70 ലക്ഷം കോടിയും റെയിൽവേ വകുപ്പിന് 2.41 ലക്ഷം കോടിയും ഭക്ഷ്യ പൊതുവിതരണ വകുപ്പിന് 2.06 ലക്ഷം കോടിയും ആഭ്യന്തര വകുപ്പിന് 1.96 ലക്ഷം കോടിയും രാസവള വകുപ്പിന് 1.78 ലക്ഷം കോടിയും ഗ്രാമ വികസന വകുപ്പിന് 1.60 ലക്ഷം കോടിയും കൃഷി വകുപ്പിന് 1.25ലക്ഷം കോടിയും വാർത്താവിനിമയ വകുപ്പിന് 1.23 ലക്ഷം കോടിയും അനുവദിച്ചു.