പത്മ പുരസ്‌കാരങ്ങളും ഭാരതരത്നയും അർഹരായവർക്ക് നൽകേണ്ടതാണ്; പ്രധാനമന്ത്രി

ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങളും ഭാരതരത്നയും അർഹരായവർക്ക് നൽകേണ്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സർക്കാർ ബിജെപി ഇതര പ്രതിഭകൾക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി നൽകിയിട്ടുള്ള കാര്യവും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

ഭാരതരത്ന, പത്മ ബഹുമതികൾ നൽകുന്നതിൽ സർക്കാരിന്റെ പക്ഷപാതരഹിതമായ സമീപനം അദ്ദേഹം ഉയർത്തിക്കാട്ടി. ഈ അവാർഡുകൾ ഏതെങ്കിലും പാർട്ടിയുടെയോ തന്റെ സ്വകാര്യ സ്വത്തിന്റെയോപകർപ്പവകാശമല്ല. പുരസ്‌കാരങ്ങൾ അർഹതപ്പെട്ട സ്വീകർത്താക്കൾക്ക് രാജ്യം നൽകുന്നതാണ്. തന്റെ സർക്കാർ അടുത്തിടെ ബിജെപി ഇതര പ്രതിഭകൾക്ക് ഭാരതരത്നം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രണബ് മുഖർജി, നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, കർപ്പൂരി താക്കൂർ എന്നിവർക്ക് തങ്ങൾ ഭാരതരത്ന നൽകി. രാജ്യത്ത് ആരും ഞങ്ങളുടെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തിട്ടില്ല. അത് വളരെക്കാലമായി കിട്ടേണ്ടതായിരുന്നുവെന്നും അർഹതയുള്ളതുമാണെന്ന് എല്ലാവർക്കും മനസ്സിലായി. അവർ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ളവരാണ്, മുമ്പ് ഞങ്ങളെ വിമർശിച്ചിരുന്നു, പക്ഷേ ഞങ്ങളുടെ തീരുമാനം അത്തരം കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ല. ഒരു പാർട്ടിയുടേതല്ല, രാജ്യത്തിന്റെ പുരസ്‌കാരമാണിത്. അത് മോദിയുടെ സ്വകാര്യ സ്വത്തല്ല. ബിജെപിക്ക് അതിൽ പകർപ്പവകാശമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.