വെട്ടിക്കുറച്ച ശമ്പളത്തിനായി സമരം ചെയ്ത് സ്പെഷ്യലിസ്റ്റ് അധ്യാപകർ; 2000 രൂപ മാത്രമേ കൂട്ടി നൽകാൻ കഴിയൂവെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വെട്ടിച്ചുരുക്കിയ ശമ്പളം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്‌പെഷ്യലിസ്റ്റ് അധ്യാപകർക്ക് 2000 രൂപ മാത്രമേ കൂട്ടി നൽകാൻ കഴിയൂവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിടിവാശി അവസാനിപ്പിച്ച് സമരം നിർത്തണമെന്നും വി ശിവൻ കുട്ടി അറിയിച്ചു. എന്നാൽ മന്ത്രിയുടെ നിർദ്ദേശം അംഗീകരിക്കാൻ കഴിയില്ലെന്നാണ് അധ്യാപകർ വ്യക്തമാക്കുന്നത്. സമരം തുടരാനാണ് തീരുമാനമെന്നും അധ്യാപകർ വ്യക്തമാക്കി.

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമഗ്ര ശിക്ഷാ അഭിയാൻ കേന്ദ്രത്തിന് മുന്നിലാണ് അധ്യാപകർ സമരം നടത്തുന്നത്. 26000 രൂപയോളമായിരുന്നു ആദ്യം സ്‌പെഷ്യലിസ്റ്റ് അധ്യാപകർക്ക് കിട്ടിയിരുന്ന ശമ്പളം. പിന്നീട് കേന്ദ്രവിഹിതം വെട്ടിക്കുറച്ചതോടെ ഇത് 14,000 രൂപയായി. സംസ്ഥാന വിഹിതമായ 4000 രൂപയും പിന്നീട് വെട്ടിക്കുറച്ചു. പിഎഫ് വിഹിതം കുറച്ച് കഴിഞ്ഞ് അധ്യാപകർക്ക് മാസ ചെലവിനും ജീവിക്കാനുമായി കിട്ടുന്നത് വെറും 8800 രൂപ മാത്രമാണ്. ഇതോടെയാണ് ശമ്പളം പൂർണമായും പുനസ്ഥാപിക്കും വരെ സമരം നടത്താൻ അധ്യാപകർ തീരുമാനിച്ചത്. 13 ദിവസമായി അധ്യാപകർ ഇക്കാര്യം ആവശ്യപ്പെട്ട് സമരം നടത്തുന്നുണ്ട്.

റോഡരികിൽ കഞ്ഞിവച്ച് കുടിച്ച്, ഇവിടെ തന്നെ ചാക്കുവിരിച്ച് കിടന്നുറങ്ങിയാണ് അധ്യാപകർ സമരം ചെയ്യുന്നത്. വെട്ടിച്ചുരുക്കിയ ശമ്പളം പുനസ്ഥാപിക്കണമെന്നും മാന്യമായി ജീവിക്കാനാകണമെന്നും അധ്യാപകർ വ്യക്തമാക്കി.