ബീച്ചിന്റെ സുസ്ഥിര വികസനം; ചെന്നൈ ഐ.ഐ.ടി മുന്നോട്ടുവച്ച മൂന്നാമത്തെ നിര്‍ദ്ദേശം അംഗീകരിച്ച് കൊല്ലം കോര്‍പ്പറേഷന്‍

കൊല്ലം: കൊല്ലം ബീച്ചിന്റെ സുസ്ഥിര വികസനത്തിന് ചെന്നൈ ഐ.ഐ.ടി മുന്നോട്ടുവച്ച മൂന്നാമത്തെ നിര്‍ദ്ദേശം തിരഞ്ഞെടുക്കാന്‍ തീരുമാനിച്ച് കോര്‍പ്പറേഷന്‍. ബീച്ചിന്റെ ആകെ വീതി ഒരു കിലോമീറ്ററായി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ ബീച്ചിനോട് ചേര്‍ന്ന് 250 മീറ്റര്‍ നീളത്തില്‍ കടല്‍പ്രദേശം ജലവിനോദങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന തരത്തില്‍ സുരക്ഷിതമാക്കുന്നതാണ് പദ്ധതി.

ബീച്ചിന്റെ ഇരുവശങ്ങളിലും ഒരു കിലോമീറ്ററോളം 30 മീറ്റര്‍ നീളത്തില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കും. ഇതിനിടയില്‍ തീരത്ത് നിന്ന് 250 മീറ്റര്‍ അകലെ നിശ്ചിത ആഴത്തില്‍ ബീച്ചിന് സമാന്തരമായി നൂറ് മീറ്റര്‍ വീതം അകലത്തില്‍ മൂന്ന് സെറ്റ് ജിയോട്യൂബുകള്‍ വീതം സ്ഥാപിക്കും. ശക്തമായ തിരകള്‍ ജിയോട്യൂബില്‍ തട്ടി ദുര്‍ബലപ്പെടുന്നതോടെ കരയിലേക്ക് വീശുന്ന തിരകള്‍ക്ക് കാര്യമായ ശക്തിയുണ്ടാകില്ല. അങ്ങനെ 250 മീറ്ററോളം പ്രദേശം സുരക്ഷിതായി മാറും. മത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരത്തെ ബാധിക്കാത്ത തരത്തിലാകും ജിയോട്യൂബുകള്‍ സ്ഥാപിക്കുക. 20 മീറ്റര്‍ വരെ നീളമുള്ള ജിയോ ട്യൂബിന് 250 ടണ്‍ വരെ ഭാരമുണ്ടാകും.

അതേസമയം, പദ്ധതി നടത്തിപ്പിന് 10 കോടി രൂപയോളം വരും. ഇത്തവണത്തെ ബഡ്ജറ്റില്‍ തന്നെ പണം വകയിരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും അപകടകരമായ ബീച്ചുകളിലൊന്നാണ് കൊല്ലം. ഇതുവരെ 57 പേര്‍ കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് മരിച്ചെന്നാണ് ഏകദേശ കണക്ക്. തീരം സുരക്ഷിതമാകുന്നതോടെ വിദേശ സഞ്ചാരികളെയടക്കം ആകര്‍ഷിക്കാന്‍ കഴിയുന്ന പദ്ധതികള്‍ കൊണ്ടുവരാനും ആലോചനയുണ്ട്.