സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഒഡിഷ മന്ത്രി മരിച്ചു; അന്ത്യം ആശുപത്രിയിൽ ചികിത്സയിലിരിക്കെ

ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് മരണപ്പെട്ടു. വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ സർവീസ് റിവോൾവറിൽ നിന്നുമാണ് മന്ത്രിയ്ക്ക് വെടിയേറ്റത്.

കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടയിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എഎസ്‌ഐ ഗോപാൽ ദാസ് തൊട്ടടുത്തുനിന്ന് മന്ത്രിയ്ക്ക് നേരെ രണ്ടുതവണ വെടിയുതിർക്കുകയായിരുന്നു. കിഷോർ ദാസിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ സർവീസ് റിവോൾവറിൽ നിന്നും മന്ത്രിയ്ക്ക് വെടിയേറ്റ സംഭവം ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് വ്യക്തമാക്കി. നബ കിഷോർ ദാസിനെ ആശുപത്രിയിലെത്തി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2019 -ലായിരുന്നു കോൺഗ്രസ് നേതാവായിരുന്ന നബ കിഷോർ ദാസ് ബിജെഡിയിലെത്തിയത്. മന്ത്രിയ്ക്ക് നേരെ നിറയൊഴിച്ച പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സംഭവത്തിന്റെ അന്വേഷണ ചുമതല കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, അക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.