സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് പാകിസ്താൻ; കുടിവെള്ളം പോലും ലഭിക്കാതെ ജനങ്ങൾ

കറാച്ചി: സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് പാകിസ്താൻ. രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷണവും ഇന്ധനവുമൊന്നും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കുടിവെള്ളം പോലും ലഭിക്കാൻ കഴിയാത്ത തരത്തിൽ ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത മാസം മുതൽ പാകിസ്താനിൽ പെട്രോൾ, ഡീസൽ വിലയിലും വൻ വർദ്ധനവുണ്ടാകും. ലിറ്ററിന് 45 രൂപ മുതൽ 80 രൂപ വരെ വർദ്ധനവ് ഉണ്ടാകാനിടയുണ്ടെന്നാണ് വിവരം.

രാജ്യത്ത് ഡീസലിന് വില ഉയരുമ്പോൾ അത് വൈദ്യുതി നിരക്കിനെയും ബാധിക്കും. ഡീസൽ നിലയങ്ങളിലൂടെയാണ് പാകിസ്ഥാന് ആവശ്യമായ വൈദ്യുതിയുടെ പകുതിയിൽ കൂടുതലും ഉണ്ടാക്കുന്നത് ഏതാനും മാസങ്ങൾക്ക് മുമ്പ് ശ്രീലങ്ക അഭിമുഖീകരിച്ചതിനെക്കാൾ ഭയാനകമാണ് പാകിസ്ഥാൻ ഇപ്പോൾ നേരിടുന്ന അവസ്ഥയെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ രാജ്യത്തെ ഇരുപതുശതമാനം പമ്പുകളിൽ മാത്രമാണ് പെട്രോളും ഡീസലും ശേഷിക്കുന്നത്. ഉടൻ തന്നെ ഇതു തീരും. പമ്പുകൾ മുന്നിൽ വലിയ ജനക്കൂട്ടമാണുള്ളത്. ഭക്ഷ്യക്ഷാമവും രൂക്ഷമായ സാഹചര്യമാണ്.3.68 ബില്യൺ ഡോളറിന്റെ വിദേശനാണ്യ കരുതൽ ശേഖരം മാത്രമാണ് നിലവിൽ പാകിസ്ഥാനിൽ അവശേഷിക്കുന്നത്. വിദേശനാണ്യ കരുതൽ ശേഖരം പൂർണമായി ഉപയോഗിച്ചാൽ രാജ്യത്തെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

ഐ എം എഫിന്റെ വായ്പ ലഭിച്ചാൽസാമ്പത്തിക പ്രതിസന്ധി അൽപ്പമെങ്കിലും കുറയുമെന്നാണ് പാകിസ്താൻ പ്രതീക്ഷിക്കുന്നത്. ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ ഐഎംഎഫ് പ്രതിനിധി സംഘം പാകിസ്താനിൽ സന്ദർശനം നടത്തും. സന്ദർശനം പൂർത്തിയായാൽ വായ്പ ലഭിക്കുമെന്നും പാകിസ്താൻ പ്രതീക്ഷിക്കുന്നു.