ലോകം കണ്ട ഏറ്റവും മഹാരഥന്മാരായ നയതന്ത്രജ്ഞർ കൃഷ്ണനും ഹനുമാനും; എസ് ജയശങ്കർ

ന്യൂഡൽഹി: ലോകം കണ്ട ഏറ്റവും മഹാരഥന്മാരായ നയതന്ത്രജ്ഞർ കൃഷ്ണനും ഹനുമാനുമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഹനുമാൻ നയതന്ത്രത്തിനപ്പുറവും പോയ ആളാണെന്നും ഏൽപ്പിച്ച ദൗത്യവും കടന്ന് സീതയേയും കണ്ടു ലങ്കയും കത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘ദ ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെൻ വേൾഡ്’ എന്ന തന്റെ പുസ്തകത്തിന്റെ മറാത്തി പരിഭാഷയായ ഭാരത് മാർഗിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തന്ത്രപരമായ ക്ഷമയിൽ കൃഷ്ണനാണ് ഏറ്റവും വലിയ മാതൃക. ശിശുപാലന്റെ നൂറു തെറ്റുകൾ ക്ഷമിക്കുമെന്ന് അദ്ദേഹം വാക്കു നൽകി. നൂറു തികഞ്ഞാൽ അദ്ദേഹം ശിശുപാലനെ വധിക്കും. അത് നല്ല തീരുമാനങ്ങൾ എടുക്കുന്നവർക്ക് വേണ്ട ധാർമ്മികഗുണമാണെന്നും അദ്ദേഹം അറിയിച്ചു. മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഇന്ത്യയിലെ അധികാര വികേന്ദ്രീകരണവുമായി കുരുക്ഷേത്ര ഭൂമിയെ അദ്ദേഹം ഉപമിച്ചു. ഒരു സംസ്ഥാനത്തിന് ദേശീയ താൽപ്പര്യവും വിദേശനയവും മറ്റ് സംസ്ഥാനങ്ങൾ തടയാതെ പിന്തുടരാൻ കഴിയുന്നതാണ് തന്ത്രപരമായ സ്വയംഭരണം. ഭീകരതയെ ചെറുക്കുന്നതിൽ പാകിസ്താൻ കാര്യക്ഷമമായിരുന്നില്ല. അതിനുള്ള തിരിച്ചടി ആഗോള തലത്തിൽ നിന്ന് ലഭിച്ചു.ദുരന്തസമയത്ത് മറ്റ് രാജ്യങ്ങളുടെ സഹായം ലഭിക്കണമെങ്കിൽ ആദ്യം സ്വയം തിരഞ്ഞെടുക്കുന്ന വഴികൾ നന്നാക്കണം. പാകിസ്താന് നിലവിൽ വളരെ കുറച്ച് സഖ്യകക്ഷികൾ മാത്രമാണുള്ളത്. അതിൽ തുർക്കിക്ക് പാകിസ്താനെ സഹായിക്കാൻ കഴിയില്ല. ചൈന വായ്പകൾ മാത്രമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.