സാമ്പത്തിക മാന്ദ്യം: അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോഴും സാമ്പത്തിക വിപണിയിൽ പിടിച്ചുനിന്ന് ഇന്ത്യ

ന്യൂഡൽഹി: അയൽ രാജ്യങ്ങളുടെ കറൻസി തകരുമ്പോഴും സാമ്പത്തിക വിപണിയിൽ പിടിച്ചുനിന്ന് ഇന്ത്യ. റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോൾ അത് പരിഹരിക്കാനായി അമേരിക്ക പലിശ നിരക്ക് ഉയർത്തി. ഇത് ഡോളറിന്റെ മൂല്യം വർധിപ്പിച്ചതോടെ മറ്റ് രാജ്യങ്ങളിലെ കറൻസികൾ തകർന്നടിയാൻ തുടങ്ങി. ഇന്ത്യ മാത്രമാണ് ഇതിൽ പിടിച്ചുനിൽക്കുന്നത്. അയൽ രാജ്യങ്ങളിലെ രൂപയുടെ മൂല്യവുമായി തട്ടിച്ചു നോക്കുമ്പോൾ ഡോളറിന് 80 എന്ന താരതമ്യേന സുരക്ഷിത നിലയിലാണ് ഇന്ത്യ ഉള്ളത്.

ശ്രീലങ്ക, പാക്കിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ എല്ലാം സ്ഥിതി പരുങ്ങലിലാണെന്നാണ് വിവരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാക്കിസ്ഥാനിൽ രൂപയുടെ മൂല്യം ഇടിയുകയാണ്. ഇപ്പോൾ ഒരു ഇന്ത്യൻ രൂപ കൊടുത്താൽ മൂന്നേകാൽ പാക്ക് രൂപ കിട്ടും. ശ്രീലങ്കയുടെ അവസ്ഥയും അതി ദയനീയമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ശ്രീലങ്കൻ കറൻസി നേരിടുന്നത്. ഒരു ഇന്ത്യൻ രൂപ കൊടുത്താൽ നാലര ശ്രീലങ്കൻ രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്.

റഷ്യ- യുക്രൈൻ യുദ്ധത്തിന് പിന്നാലെ ചൈനയുടെ യുവാന്റെ മൂല്യം 11. മൂന്ന് ശതമാനമാണ് ഇടിഞ്ഞത്. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. യൂറോയുടെ മൂല്യം 17% ത്തോളം ആണ് ഇടിഞ്ഞത്.