വിദ്യാർത്ഥിനികൾ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ എഴുതേണ്ട; വിലക്കുമായി അഫ്ഗാൻ

കാബൂൾ: വിദ്യാർത്ഥിനികൾ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ എഴുതുന്നതിന് വിലക്കേർപ്പെടുത്തി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. രാജ്യത്തെ സ്വകാര്യ സർവകലാശാലകൾക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഇതുസംബന്ധിച്ച കത്ത് നൽകി. അടുത്തമാസം നടക്കുന്ന പരീക്ഷയിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചാൽ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പെൺകുട്ടികളെ പ്രവേശന പരീക്ഷ എഴുതാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം യൂനിവേഴ്‌സിറ്റികൾക്ക് നോട്ടീസ് നൽകിയത്.

കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും പെൺകുട്ടികൾ പഠിക്കുന്നതിന് കഴിഞ്ഞ ഡിസംബറിൽ താലിബാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് വനിതാ എൻജിഒകളുടെ പ്രവർത്തനവും തടഞ്ഞു. അഫ്ഗാനിൽ പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾ ഭൂരിഭാഗവും നിലവിൽ അടച്ചിട്ടിരിക്കുകയാണ്. ആറാംക്ലാസ് വരെ മാത്രം പെൺകുട്ടികൾ പഠിച്ചാൽ മതിയെന്നാണ് താലിബാന്റെ നിലപാട്.

താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തത് 2021 മെയ് മാസത്തിലാണ്. സ്ത്രീകൾ ജോലി ചെയ്യാൻ പാടില്ലെന്നും ബന്ധുക്കളുടെ അകമ്പടിയില്ലാതെ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്നും താലിബാൻ ഭരണകൂടം നിർദ്ദേശിച്ചിരുന്നു.