കശ്മീരിലെ സാഹചര്യം വളരെ നല്ലതാണെങ്കിൽ എന്തുകൊണ്ടാണ് ബിജെപി നേതാക്കൾ ജമ്മുവിൽ നിന്ന് ലാൽചൗക്കിലേക്ക് നടന്നു പോകാത്തത്; ചോദ്യവുമായി രാഹുൽഗാന്ധി

ശ്രീനഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിലെ സുരക്ഷാ സാഹചര്യം സംബന്ധിച്ചാണ് അദ്ദഹം അമിത് ഷാക്കെതിരെ വിമർശനം ഉന്നയിച്ചത്. കശ്മീരിലെ സാഹചര്യം വളരെ നല്ലതാണെങ്കിൽ എന്തുകൊണ്ടാണ് ബി.ജെ.പി. നേതാക്കൾ ജമ്മുവിൽ നിന്ന് ലാൽചൗക്കിലേക്ക് നടന്നു പോകാത്തതെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

കശ്മീരിൽ ആസൂത്രിതമായ കൊലപാതകങ്ങളും ബോംബ് സ്ഫോടനങ്ങളും സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. സ്ഥിതി വളരെ സുരക്ഷിതമാണെങ്കിൽ എന്തുകൊണ്ട് അമിത്ഷാ ജമ്മുവിൽനിന്ന് ലാൽ ചൗക്കിലേക്ക് നടക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞദിവസം ഭാരത് ജോഡോ യാത്ര താത്കാലികമായി നിർത്തിവെച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്നായിരുന്നു നടപടി. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി ഈ ചോദ്യം ഉന്നയിച്ചത്.

നിയന്ത്രിക്കാൻ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതിനെ തുടർന്നാണ് ഭാരത് ജോഡോ യാത്ര നിർത്തിവച്ചതെന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ ആരോപിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ജമ്മു കശ്മീർ പോലീസ് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിർത്തിവെക്കേണ്ടി വന്നതിൽ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ പോലീസ് നിഷേധിച്ചു. യാത്രയിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് ജമ്മു കാശ്മീർ പോലീസ് അറിയിച്ചത്. യാത്രയ്ക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും ഭരണകൂടം സ്വീകരിച്ചതായി ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആർ കെ ഗോയൽ വ്യക്തമാക്കി.