രാജ്യത്തിന്റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് ചിലര്‍ കരുതുന്നു: കിരണ്‍ റിജ്ജു

ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി കേന്ദ്രം. ചിലര്‍ ഇപ്പോഴും കൊളോണിയല്‍ അടിമത്വത്തില്‍ നിന്ന് മുക്തരായിട്ടില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയേക്കാളും, സുപ്രീം കോടതിയേക്കാളും മുകളിലാണ് ബിബിസിയെന്ന് ചിലര്‍ കരുതുന്നു. ഇത്തരക്കാര്‍ രാജ്യത്തെ ദുര്‍ബലപ്പെടുതുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. അവരില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജജു ചൂണ്ടിക്കാട്ടി.

അതേസമയം, ജനാധിപത്യ സര്‍ക്കാറിനെയും പാര്‍ലമെന്റിനെയും അവഹേളിക്കുന്നതാണ് ബിബിസിയുടെ നടപടിയെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് വൈകാതെ ബ്രിട്ടനെ ഔദ്യോഗികമായി അറിയിക്കും. രണ്ട് ദിവസമായി ബിബിസി ഡോക്യുമെന്ററി ഹാഷ്ടാഗ് ഇന്ത്യയില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗില്‍ ആദ്യത്തേതായിരുന്നു. ഇതോടെയാണ് ഇന്ത്യയില്‍ ഇതുവരെ സംപ്രേഷണം ചെയ്യാത്ത ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ ട്വിറ്ററിനോടും യൂട്യൂബിനോടും നീക്കം ചെയ്യാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചത്.

ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാന്‍ ഉന്നമിട്ടുള്ളതാണെന്നും, ഇന്ത്യ ജി 20 അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടവെ ബിബിസി ഡോക്യമെന്ററി ആഗോള തലത്തില്‍ തന്നെ മോദി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തല്‍. കൊളോണിയല്‍ മനോഭാവത്തിന്റെ തുടര്‍ച്ച പ്രതിഫലിക്കുന്നതാണ് പ്രധാനമന്ത്രിക്കെതിരേയുള്ള ഡോക്യുമെന്ററിയെന്നും ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിശദമായ ഗവേഷണത്തിന് ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്ന് ഇന്ത്യയുടെ വിമര്‍ശനത്തിന് പിന്നാലെ വിവാദത്തില്‍ ബിബിസി വിശദീകരണം നല്‍കിയിരുന്നു.