സംസ്ഥാനം അഭിമാനകരമായ സാമ്പത്തിക നേട്ടം കൈവരിച്ചെന്ന് ഗവർണർ; നിയമസഭ സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം കുറിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണെന്നും സംസ്ഥാനം അഭിമാനകരമായ സാമ്പത്തിക നേട്ടം കൈവരിച്ചെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ നേട്ടങ്ങളെ കുറിച്ചും നയപ്രഖ്യാപന പ്രസംഗത്തിൽ വിശദീകരിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ നിയമസഭകൾ സംരക്ഷിക്കപ്പെടണമെന്നും സംസ്ഥാനങ്ങളുടെ നിയമനിർണയാധികാരം സംരക്ഷിക്കപ്പെടണമെന്നും ഗവർണർ അറിയിച്ചു. പ്രതിസന്ധികൾക്കിടയിലും സംസ്ഥാനം 17 ശതമാനം വളർച്ച നേടി. ദുർബല വിഭാഗങ്ങൾക്കായാണ് സംസ്ഥാനത്തിന്റെ വികസന നയം. ലൈഫ് മിഷൻ പദ്ധതി തുടരും. സംസ്ഥാനത്ത് നിക്ഷേപങ്ങൾ ആകർഷിക്കാൻ കഴിഞ്ഞുവെന്നും കേരളംതൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ മുൻപിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ ലക്ഷ്യം സുസ്ഥിര വികസനമാണ്. വേർതിരിവില്ലാത്ത സംസ്ഥാനമാണ് കേരളം. നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. കേരളത്തിൽ സാമ്പത്തിക ഫെഡറലിസം ശക്തമാണ്. സംസ്ഥാനത്തെ കുടുംബശ്രീ പദ്ധതി അഭിമാനമാണ്. വ്യവസായ മേഖലയിൽ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേന്ദ്രസർക്കാരിനെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനം ഉയർത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം നടക്കുകയാണ്. ഭരണഘടനാ മൂല്യങ്ങളും ബഹുസ്വരതയും സംരക്ഷിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.

പ്രധാനമായും 2023-24സാമ്പത്തിക വർഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ജനുവരി 23 മുതൽ മാർച്ച് 30 വരെയുള്ള കാലയളവിൽ ആകെ 33 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി25, ഫെബ്രുവരി 1, 2 തീയതികളിൽ ഗവർണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ചയും ഫെബ്രുവരി 3-ാം തീയതി ബജറ്റ് അവതരണവുമാണ് നിശ്ചയിച്ചിട്ടിട്ടുള്ളത്. ഫെബ്രുവരി 6മുതൽ 8 വരെയുള്ള തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. തുടർന്ന് ഫെബ്രുവരി 13 മുതൽ രണ്ടാഴ്ച വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകൾ സൂക്ഷ്മ പരിശോധന നടത്തും. ഫെബ്രുവരി 28 മുതൽ മാർച്ച് 22വരെയുള്ള കാലയളവിൽ 13ദിവസം, 2023-24 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച പാസ്സാക്കുന്നതിനായി നീക്കിവച്ചിരിക്കുന്നു.