ശബരിമല തീർത്ഥാടനം; ഇത്തവണ ലഭിച്ചത് റെക്കോർഡ് വരുമാനം, കാണിക്കയായി ലഭിച്ചത് 310.40 കോടി രൂപ

പത്തനംതിട്ട: റെക്കോർഡ് വരുമാനം നേടി ശബരിമല. ആകെ 310.40 കോടി രൂപയാണ് വ്യാഴാഴ്ച വരെ ശബരിമലയിൽ കാണിക്കയായി മാത്രം ലഭിച്ചത്. 141 കോടി രൂപ അപ്പം, അരവണ വിൽപ്പനയിലൂടെയും രൂപയും ലഭിച്ചു.

കഴിഞ്ഞ രണ്ടു സീസണിലും ശബരിമലയിൽ വരുമാനം കുറവായിരുന്നു. കോവിഡ് സാഹചര്യങ്ങളാൽ നിയന്ത്രണങ്ങളേർപ്പെടുത്തിയതിനെ തുടർന്നാണ് കഴിഞ്ഞ വർഷങ്ങളിൽ ശബരിമലയിൽ വരുമാനം കുറഞ്ഞത്. 212 കോടി രൂപ ആയിരുന്നു ഇതിന് മുൻപ് ശബരിമലയിൽ ലഭിച്ച റെക്കോർഡ് വരുമാനം.

അതേസമയം, ശബരിമലയിൽ മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ശബരിമല മകരജ്യോതി ദർശനത്തിനായി തീർഥാടകർ കൂടിച്ചേരുന്ന കാഴ്ച ഇടങ്ങളിലെ(വ്യൂ പോയിന്റ്‌സ്) സുരക്ഷ ഉറപ്പാക്കിയതായി ജില്ലാ കളക്ടർ ഡോ ദിവ്യ എസ് അയ്യർ പറഞ്ഞു. മകരജ്യോതി ദർശിക്കാൻ കഴിയുന്ന കാഴ്ചയിടങ്ങൾ സന്ദർശിച്ച് അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുകയായിരുന്നു ജില്ലാ കളക്ടർ. പഞ്ഞിപ്പാറ, ഇലവുങ്കൽ, അയ്യൻമല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറേക്കര, അട്ടത്തോട് കിഴക്കേക്കര എന്നിവിടങ്ങളിലെ കാഴ്ചയിടങ്ങളാണ് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സന്ദർശിച്ചത്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻപ് തന്നെ എല്ലായിടങ്ങളിലും സൂക്ഷ്മ പരിശോധന നടത്തി വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ബാരിക്കേടുകൾ, ശൗചാലയങ്ങൾ, കുടിവെള്ളം ഉൾപ്പെടെ ഭക്തർക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദർശനം കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോൾ തിരക്ക് കൂട്ടാതെ സാവകാശം ഇറങ്ങി വരുവാനും ഉദ്യോഗസ്ഥൻ നൽകുന്ന നിർദേശങ്ങൾ പാലിക്കുവാനും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

തിരക്ക് കൂടുതലായതിനാൽ തീർഥാടകർക്ക് വാഹനങ്ങളുടെ പാർക്കിങ്ങിന് അധികമായി സൗകര്യം ഒരുക്കിയിട്ടുണ്ട്. പതിനഞ്ചോളം പാർക്കിംഗ് ഗ്രൗണ്ടുകൾ ജില്ലയിൽ മാത്രമായി ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലുള്ള വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യത്തിന് പുറമേ ഇടത്താവളങ്ങളിലും മകരവിളക്കിനായി പ്രത്യേകം കണ്ടെത്തിയിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും അവിടെനിന്ന് മറ്റു വാഹനങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ കെഎസ്ആർടിസിയുടെ അധിക ബസ് സർവീസുകളും തീർത്ഥാടകർക്കായി ഒരുക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണവകുപ്പും ആരോഗ്യ വകുപ്പും വൈദ്യുതി വകുപ്പും ആവശ്യമായ ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾക്ക് അനുസരിച്ച് ഉദ്യോഗസ്ഥരും ദേവസ്വം ബോർഡും സന്നദ്ധ പ്രവർത്തകരും ഭക്തജനങ്ങളും സഹകരണത്തോടെ പ്രവർത്തിച്ച് മകരവിളക്ക് ഉത്സവം സുഗമവും മംഗളകരവുമായി തീർക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.