മൈക്രോസോഫ്റ്റ് ഐഎസ്ആര്‍ഒയുമായി കൈകോര്‍ക്കുന്നു

ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായി കൈകോര്‍ക്കുന്നു. ടെക്‌നോളജി ടൂളുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് സ്‌പേസ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഇത് സംബന്ധിച്ച് ഇരുസ്ഥാപനങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇതോടൊപ്പം, ഐഎസ്ആര്‍ഒ അംഗീകരിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാ ഘട്ടത്തിലും മൈക്രോസോഫ്റ്റ് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ മൈക്രോസോഫ്റ്റിന്റെ 2023- ലെ ‘ഫ്യൂച്ചര്‍ റെഡി ടെക്‌നോളജി’ ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. ഈ ഉച്ചകോടിയിലാണ് ഐഎസ്ആര്‍ഒയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല വ്യക്തമാക്കിയത്. കൂടാതെ, ഉച്ചകോടിയില്‍ ക്ലൗഡ് അധിഷ്ഠിതവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവര്‍ ചെയ്യുന്നതുമായ നിരവധി പ്രോജക്ടുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ‘ടെക്നോളജിയുടെ ശക്തിയില്‍ രാജ്യത്തിന്റെ ബഹിരാകാശ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്’, മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു.