തണുപ്പുകാലം; ആസ്തമ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം….

ഇന്ന് പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ആസ്ത്മ. ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലർജിയാണിത്. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ആസ്ത്മ ഉണ്ടാകാനുള്ള പ്രധാനകാരണങ്ങൾ. പൊടിപടലങ്ങൾ, പൂമ്പൊടി, കാലാവസ്ഥ മാറ്റങ്ങൾ എന്നിവയും ആസ്ത്മയ്ക്ക് കാരണമാകും. വായുമലിനീകരണം മൂലവും ആസ്ത്മ ഉണ്ടാകും

ശ്വാസംമുട്ടൽ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക, തുടങ്ങിയവയാണ് ആസ്തമയുടെ പ്രധാന ലക്ഷണങ്ങൾ. തണുപ്പുകാലത്ത് ആസ്ത്മ രോഗികൾക്ക് ഈ ലക്ഷണങ്ങൾ വർദ്ധിക്കാനിടയുണ്ട്.

ആസ്തമയെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

അടിസ്ഥാനപരമായ കാര്യമായ കൈകളുടെ ശുചിത്വം ഉറപ്പാക്കുക എന്നതാണ്. ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളിൽ നിന്ന് അകലം പാലിക്കണം. ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം. മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കണം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കണം. പുകവലിക്കുന്നവരിൽ നിന്ന് അകലം പാലിക്കണം. കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്തണം. തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

വീട്ടിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരും അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ വായു മലിനീകരിക്കപ്പെടാനിടയുണ്ട്. വളർത്തുമൃഗങ്ങളെ വൃത്തിയോടെ പരിപാലിക്കുകയും ബെഡ്‌റൂമിലോ അടുക്കളയിലോ പ്രവേശിക്കാതിരിക്കാനും ശ്രദ്ധിക്കണം. വീട്ടിനുള്ളിൽ ഗന്ധം പരത്താൻ എയർഫ്രഷ്‌നറുകളും സുഗന്ധമുള്ള മെഴുകുതിരികളുമൊക്കെ ഉപയോഗിക്കുന്നവരുണ്ട്. ഇതും വായു മലിനീകരണത്തിന് ഇടയാക്കുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.