‘മതനിരപേക്ഷത തകര്‍ക്കുന്ന കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന സംസ്ഥാനമാണ് കേരളം’: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കും വര്‍ഗീയതക്കുമെതിരെ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെ കേരളത്തില്‍ സിപിഐ എം പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു.

എം.വി ഗോവിന്ദന്റെ വാക്കുകള്‍

‘കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സംസ്ഥാന സെക്രട്ടറി നയിക്കുന്ന വാഹനജാഥയില്‍ പി കെ ബിജു മാനേജറും സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എന്നിവര്‍ അംഗങ്ങളാകും. മതനിരപേക്ഷത തകര്‍ക്കുന്ന കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രനയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ പ്രചരണജാഥയില്‍ അവതരിപ്പിക്കും. ആര്‍എസ്എസിന്റെ ഭിന്നിപ്പിക്കല്‍ നയമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുവനാണ് ശ്രമം . സംഘപരിവാര്‍ നേതാവ് മോഹന്‍ ഭാഗവത് നടത്തുന്ന പ്രസ്താവനകള്‍ അത്തരത്തില്‍ ഭയപ്പെടുത്തുന്നതാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും ഏറെ വലയ്ക്കുന്നു. പട്ടിണിപാവങ്ങളുടെ എണ്ണം ദിനംത്തോറും കൂടിവരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. ആലപ്പുഴയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും. തെറ്റായ ഒരു പ്രവണതക്കും പാര്‍ട്ടി കൂട്ട് നില്‍ക്കില്ല. ആലപ്പുഴയല്ല എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. ജനങ്ങള്‍ക്ക് അന്യമായ ഒന്നും പാര്‍ട്ടി അംഗീകരിക്കില്ലെന്നും എല്ലാം തിരുത്തി കൊണ്ട് തന്നെ മുന്നോട്ട് പോകും. ഷാനവാസ് കുറ്റക്കാരന്‍ അല്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. പ്രഥമിക നടപടിയായിട്ടാണ് ഷാനവാസിനെ സസ്പെന്റ് ചെയ്തത്. അന്വേഷണം നടക്കട്ടെ. കോണ്‍ഗ്രസ് എംപിമാര്‍ കേരളത്തില്‍ പരമ ദയനീയമായിരുന്നു. ഇനി പോയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞവരാണ് മത്സരത്തിന് ഇല്ലെന്ന് പറയുന്നത്. കോണ്‍ഗ്രസ് എംപിമാരുടെ പ്രവര്‍ത്തനം ശുദ്ധ ശൂന്യമാണ്. അത് ആദ്യം മനസ്സിലായവര്‍ ആദ്യമാദ്യം പറയുകയാണ്.’