പക്ഷിപ്പനി: തിരുവനന്തപുരത്ത് നാളെ മുതല്‍ പക്ഷികളെ കൊന്നുതുടങ്ങും

തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച ചിറയിന്‍കീഴ് അഴൂര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളില്‍ നാളെ മുതല്‍ പക്ഷികളെ കൊന്നുതുടങ്ങും. ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങുഴി ജംങ്ഷനിലുള്ള ഒരു ഫാമിലെ ഇരുന്നൂറോളം താറാവുകള്‍ കഴിഞ്ഞയാഴ്ച ചത്തിരുന്നു. ഇത് പക്ഷിപ്പനിമൂലമാണെന്ന് സ്ഥിരീകരിക്കുകയും ഇന്ന് ചേര്‍ന്ന പഞ്ചായത്ത് തല അവലോകന യോഗത്തില്‍ പ്രതിരോധ നടപടികളിലേക്ക് കടക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

പഞ്ചായത്തിലെ 15, 17, 16, 7, 14 , 12, 18 എന്നീ വാര്‍ഡുകളിലുമുള്ള കോഴി, താറാവ് ഉള്‍പ്പടെയുള്ള വളര്‍ത്തു പക്ഷികളെ മുഴുവന്‍ കൊന്നൊടുക്കാനാണ് തീരുമാനം. ഇതോടൊപ്പം മുട്ട, ഇറച്ചി, കാഷ്ഠം എന്നിവ തീയിട്ട് നശിപ്പിക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ പ്രതിരോധ നടപടികള്‍ ആരംഭിക്കും.

അതേസമയം, പക്ഷിപ്പനി മറ്റ് മേഖലകളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ അഴൂര്‍ പഞ്ചായത്തിന്റെ ഒമ്പത് കിമീ ചുറ്റളവിലുള്ള മേഖലകളായ കിഴുവിലം, കടയ്ക്കാവൂര്‍, കീഴാറ്റിങ്ങല്‍, ചിറയിന്‍കീഴ്, മംഗലപുരം, അണ്ടൂര്‍കോണം, പോത്തന്‍ കോട് ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉള്‍പ്പെട്ട കഴക്കൂട്ടം മേഖലയിലെ വാര്‍ഡ് ഒന്ന്, ആറ്റിന്‍ കുഴി പ്രദേശം തുടങ്ങിയ മേഖലകളില്‍ കോഴി, താറാവ് എന്നിവയുടെ വില്‍പനയും ഇറച്ചി വില്‍പനയും നിരോധിച്ചിട്ടുണ്ട്
.